കാര്‍ഷിക വികസന ബാങ്കിലെ അവിശ്വാസപ്രമേയം- അഞ്ചാംതവണ വിളികേട്ടു, പ്രസിഡണ്ടിനോട് രാജിവെക്കാന്‍ ഉപദേശിക്കണമെന്ന് മറുപടി

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലിക്കെതിരെ ബാങ്കിലെ ആറ് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം പിന്‍വലിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് ചുമതലപ്പെടുത്തിയ കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍.

ജീവനക്കാരന് ജോലി നിഷേധിച്ച് പീഡിപ്പിച്ച സെബാസ്റ്റ്യന്‍ പതാലി പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നതില്‍ കുറഞ്ഞുള്ള മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഡയറക്ടര്‍മാരും ഉറച്ചുനിന്നു. അവിശ്വാസപ്രമേയം പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഡിസിസി പ്രസിഡണ്ടും കെ.പി.സി.സി സെക്രട്ടറി സോണിസെബാസ്റ്റ്യനും നാല് തവണ ഡയറക്ടര്‍മാരെ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ നാല് യോഗങ്ങള്‍ക്കും ആരും പോയില്ല. അഞ്ചാംതവണ ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിന്‍റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ന് രാവിലെ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂരിന്‍റെ കരിന്തളത്തെ വീട്ടിലേക്ക് ആറ് ഡയറക്ടര്‍മാരെയും വിളിപ്പിച്ചു. ആറുപേരും രാവിലെ 10 മണിക്ക് തന്നെ ഉമേശന്‍റെ കരിന്തളത്തെ വീട്ടിലെത്തി. എന്നാല്‍ ഡയറക്ടര്‍മാരെ വിളിച്ചുവരുത്തി പി.കെ.ഫൈസല്‍ അവരെ അഭിമുഖീകരിക്കാതെ മാറിനിന്നു. പകരം ഡയറക്ടര്‍മാരുമായി ചര്‍ച്ചചെയ്യാന്‍ കരിമ്പില്‍ കൃഷ്ണനെ അയച്ചു.

എന്നാല്‍ കരിമ്പില്‍ കൃഷ്ണന്‍റെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും ആറ് ഡയറക്ടര്‍മാരും ഒരേസ്വരത്തില്‍ അപ്പാടെ തള്ളി. ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലി രാജിവെക്കണമെന്നും രാജിവെക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്നും മധ്യസ്ഥനെ അറിയിച്ചു. 30 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഭീമനടിയിലെ ബാങ്കിന്‍റെ ഹെഡ് ഓഫീസില്‍ നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സെബാസ്റ്റ്യനെതിരെ വോട്ട് ചെയ്യുമെന്ന് ആറുപേരും പ്രഖ്യാപിച്ചു. പത്ത് ഡയറക്ടര്‍മാരാണ് ബാങ്കിലുള്ളത്. ആറ് പേര്‍ അവിശ്വാസപ്രമേയത്തില്‍ ഒപ്പിട്ടു. അവശേഷിക്കുന്ന നാലുപേരില്‍ സെബാസ്റ്റ്യനും ഉള്‍പ്പെടും. പക്ഷേ അവിശ്വാസപ്രമേയം നേരിടുന്നതിനാല്‍ സെബാസ്റ്റ്യന് വോട്ടില്ല. ഇതോടെ മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്ക് അവിശ്വാസപ്രമേയം പാസാകാനുള്ള സാധ്യതകള്‍ തെളിഞ്ഞു. ഇതിനിടയില്‍ അവിശ്വാസപ്രമേയത്തില്‍ ഒപ്പിടാത്ത ഒരു ഡയറക്ടര്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. അവിശ്വാസപ്രമേയ വിഷയം കത്തിനില്‍ക്കുന്നതിനിടയില്‍ നിയമനത്തിന് വാങ്ങിയ 15 ലക്ഷവും സജീവ ചര്‍ച്ചയായിട്ടുണ്ട്.

ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് മെ മ്പര്‍ ജോസ് കുത്തിയതോട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കാര്‍ത്തികേയന്‍, സംസ്ഥാന സെക്രട്ടറി ജോമോന്‍ ജോസഫ്, മണ്ഡലം പ്രസിഡണ്ട് മാണിയൂര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കെത്തിയിരുന്നു.