കാഞ്ഞങ്ങാട്: മുന്‍വിരോധത്തിന്‍റെ പേരില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസക്കാരായ റംഷീദ് എന്ന കിച്ചു, മുഹമ്മദ് ഷെഫീഖ്, മേര്‍ഷാന്‍, ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. മടക്കര ഹാര്‍ബറിനു സമീപത്തെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് സംഘം വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തില്‍ ഷൈജു, അനില്‍.കെ.ടി, സനീഷ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നേരത്തെയും കേസെടുത്തിരുന്നതായി പോലീസ് പറഞ്ഞു.
ഏപ്രില്‍ 26ന് വൈകുന്നേരം 3 മണിയോടെ കാഞ്ഞങ്ങാട് ടൗണിലെ ബാറിന് സമീപത്താണ് അറസ്റ്റിലേക്ക് നയിച്ച കേസിനാസ്പദമായ സംഭവമുണ്ടായത്. പള്ളിക്കര, പൂച്ചക്കാട്ടെ പി. താജുദ്ദീന്‍ (27), അതിഥി തൊഴിലാളിയായ സോളമന്‍ ഖാന്‍ (20) എന്നിവരാണ് വധശ്രമത്തിന് ഇരയായത്. ഏഴു പേരടങ്ങുന്ന സംഘം മരവടിയും പഞ്ചുമായി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. താജുദ്ദീനെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ സോളമന്‍ഖാനെ പഞ്ച് ഉപയോഗിച്ച് തലക്ക് കുത്തുകയും നിലത്തു വീണപ്പോള്‍ നെഞ്ചില്‍ ചവിട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.