കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ പൂട്ടിയിട്ട വീട്ടില്‍ നിന്നും 6.96 കോടിരൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ പിടിയിലായ പ്രതികളെ കാഞ്ഞങ്ങാട്ടേക്കെത്തിച്ചു. ഇവരെ ചോദ്യം ചെയ്തശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. തുടര്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അമ്പലത്തറ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
പെരിയ സി.എച്ച്.ഹൗസില്‍ അബ്ദുള്‍റസാഖ്(51), മൗവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍(51) എന്നിവരെയാണ് ഇന്നലെ ബത്തേരി പഴുപ്പത്തൂരിലെ ഹോംസ്റ്റേയില്‍ നിന്നും ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസും സംഘവും പിടികൂടിയത്. അമ്പലത്തറ പോലീസ് അബ്ദുള്‍റസാഖിന്‍റെ മൊബൈല്‍ഫോണ്‍ ടവര്‍ പരിശോധിച്ചാണ് ഇയാള്‍ വയനാട്ടിലുണ്ടെന്ന സൂചന ലഭിച്ചത്. റസാഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. പിന്നീട് സൈബര്‍സെല്‍ മുഖേന നടത്തിയ തന്ത്രപൂര്‍വ്വമായ അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ഇതിനായി അമ്പലത്തറ പോലീസ് ബത്തേരി പോലീസിന്‍റെ സഹായം തേടുകയായിരുന്നു. അബ്ദുള്‍റസാഖ് മാത്രമേ ഉണ്ടാകൂവെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സുലൈമാനും പോലീസിന്‍റെ പിടിയിലാവുകയാണ് ചെയ്തത്. പ്രതികളെ പിടികൂടിയതോടെ കേസിന്‍റെ തുടര്‍ അന്വേഷണം വേഗത്തിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിരോധിക്കപ്പെട്ട രണ്ടായിരത്തിന്‍റെ നോട്ടുകള്‍ എന്തിനാണ് സൂക്ഷിച്ചുവെച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാണ്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഗുരുപുരം പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
നിരോധിക്കപ്പെട്ട രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇപ്പോഴും റിസര്‍വ് ബാങ്കില്‍ സ്വീകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ ഇവ കൈമാറാനാണോ നോട്ടുകള്‍ അച്ചടിച്ച് സൂക്ഷിച്ച് വെച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്ന നോട്ടുകള്‍ പള്‍പ്പാക്കി മാറ്റാന്‍ മറിച്ചുവില്‍ക്കുകയാണത്രെ ചെയ്യുന്നത്. ഇതിനാണോ കള്ളനോട്ടുകള്‍ സൂക്ഷിച്ചതെന്നാണ് പോലീസിന്‍റെ സംശയം. രണ്ടായിരം രൂപയുടെ 34800 രൂപയുടെ നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇവ എണ്ണിതിട്ടപ്പെടുത്താന്‍ 28 മണിക്കൂറാണ് പോലീസിന് വേണ്ടിവന്നത്.