ഡിസിസി സെക്രട്ടറി മോഹനന്‍ അന്തരിച്ചു

ആലക്കോട് : കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ആലക്കോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ അരങ്ങത്തെ സി.മോഹനന്‍ (62) അന്തരിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് മരണം. സംസ്കാരം നാളെ രാവിലെ 11.30ന് ആലക്കോട് കോളി എന്‍.എസ്.എസ് ശ്മശാനത്തില്‍. പയ്യന്നൂര്‍ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടായി ആലക്കോടിന്‍റെ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 2015-20ലാണ് ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചത്. അരങ്ങം വാര്‍ഡില്‍ നിന്നാണ് പഞ്ചായത്തിലേക്ക് വിജയിച്ചത്. യു.ഡി.എഫിന്‍റെ മലയോരത്തെ പ്രമുഖ നേതാവായിരുന്നു. അരങ്ങം മഹാദേവ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്. കോണ്‍ഗ്രസ് ആലക്കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനറായിരുന്നു. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്‍റിലെ മിസ്റ്റര്‍ വൈറ്റ് ലോണ്‍ട്രി ആന്‍റ് അയണിങ്ങ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് അംഗവുമായിരുന്നു. ഭാര്യ: ആലക്കോട് കളത്തില്‍ കുടുംബാംഗം ലത (ആര്‍.ഡി ഏജന്‍റ് ആലക്കോട് പോസ്റ്റ് ഓഫീസ്). മക്കള്‍: ശ്യാം മോഹന്‍ (അബുദാബി), മീര (ബാംഗ്ലൂര്‍). മരുമക്കള്‍: അര്‍ച്ചന കോഴിക്കോട് (അബുദാബി), അഖില്‍ അരങ്ങം (ബാംഗ്ലൂര്‍). പയ്യന്നൂരിലെ പരേതരായ എടവലത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെയും ചേടമ്പത്ത് കല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ദാമോദരന്‍ (ബാംഗ്ലൂര്‍), ചന്ദ്രമതി, ലീല, വത്സല, ഹരിദാസ് (എല്ലാവരും പയ്യന്നൂര്‍), പരേതരായ സി.ജനാര്‍ദ്ദനന്‍ (ചേമ്പര്‍ ഓഫ് കൊമേഴ്സ് മുന്‍ ജില്ലാ പ്രസിഡണ്ട്), രാമചന്ദ്രന്‍.