നീലേശ്വരം ദുരന്ത നിവാരണസേനാ കേന്ദ്രം ഇന്നും ഫയലില്‍ മാത്രം

നീലേശ്വരം: ജില്ലയില്‍ നീലേശ്വരത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ദുരന്ത നിവാരണസേന കേന്ദ്രം ഫയലില്‍ മാത്രം ഒതുങ്ങി. നീലേശ്വരം പാലാത്തടം യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപം റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. ജില്ലയില്‍ ദുരന്തമുണ്ടാകുമ്പോള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മലയോരത്ത് ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങളും തുടരുന്ന സാഹചര്യമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം വൈകുന്നതാണ് കാരണമായി പറയുന്നത്.

മലപ്പുറം പാണ്ടിക്കാട്ടാണ് സേനയുടെ ആസ്ഥാനകേന്ദ്രം. എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ ആരംഭിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ തീരുമാന പ്രകാരമാണ് ജില്ലയില്‍ നീലേശ്വരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍റെ ശ്രമഫലമായി പാലത്തടത്ത് ഏഴേക്കറിലധികം സ്ഥലവും ഇതിനായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനായുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിച്ചു. പക്ഷേ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. ഭൂമി പതിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും അതും മുടങ്ങി. ദേശീയപാതയുടെ ആറു കിലോമീറ്റര്‍ ചുറ്റളവിലായിരിക്കണം ക്യാമ്പ് എന്ന് നിയമമുണ്ട്. കൂടാതെ കടല്‍മാര്‍ഗം വേഗത്തില്‍ എത്താന്‍ പറ്റുന്ന സ്ഥലവുമായിരിക്കണം. മടക്കര തുറമുഖം, തൈക്കടപ്പുറം ഹാര്‍ബര്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവ വളരെ അടുത്തുള്ളതുകൊണ്ടാണ് നീലേശ്വരത്തിന് പരിഗണന ലഭിക്കാന്‍ കാരണം. കടല്‍മാര്‍ഗം വന്ന് ബോട്ടുവഴി കാര്യങ്കോട് പുഴയിലൂടെ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സൗകര്യവുമുണ്ട്. തുറമുഖങ്ങളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ എളുപ്പത്തില്‍ എത്തിച്ചേരാനും നാവിക അക്കാദമിയുടെ സഹായം വേഗത്തില്‍ ലഭ്യമാക്കാനും കഴിയുമെന്ന സൗകര്യവും നീലേശ്വരത്തിനുണ്ട്.