34 വര്‍ഷത്തിന് ശേഷം വാറണ്ട് പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ 34 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു.

കുണിയ ചരുമ്പയിലെ സി. എച്ച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടര്‍ക്കൊപ്പം സബ് ഇന്‍സ്പെക്ടര്‍ എം.ടി.പി സൈഫുദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. കുഞ്ഞബ്ദുല്ല, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സംജിത്, എം.മനു എന്നിവരും ഉണ്ടായിരുന്നു.

1989ല്‍ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയില്‍ നിന്നും പാറപ്പള്ളിയില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് 15000 രൂപ വാങ്ങിയതിനു ശേഷം വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഈ കേസില്‍ ഇത്രയും കാലം പോലീസിനെ വെട്ടിച്ച് ഇയാള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാറി മാറി ഒറ്റയ്ക്ക് ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാഫിയെ റിമാന്‍റ് ചെയ്തു.