ചായ്യോം- കാഞ്ഞിരപ്പൊയില്‍ റോഡ് പണി ആരംഭിച്ചു

കരിന്തളം: നീണ്ട കാലത്തെ മുറവിളികള്‍ക്കൊടുവില്‍ തകര്‍ന്നു തരിപ്പണമായ ചായ്യോം -കാഞ്ഞിരപ്പെയില്‍ റോഡ് പണി ആരംഭിച്ചു.

ചായ്യോം -മലപ്പച്ചേരി 4 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ആധുനിക സൗകര്യങ്ങളോടെ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു വികസിപ്പിക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 321. 81 ലക്ഷം രൂപ നിര്‍മ്മാണത്തിനും അഞ്ചു വര്‍ഷത്തെ മെയിന്‍റനന്‍സിന് 28.96 ലക്ഷം രൂപയുടെയും പദ്ധതിക്ക് ടെന്‍ഡര്‍ ആവുകയും നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടന മാമാങ്കം ഉത്സവാന്തരീക്ഷത്തില്‍ 2023 ഒക്ടോബര്‍ 26 ന് ചായ്യോത്ത് നടത്തുകയും ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ആകെ രണ്ട് കള്‍വര്‍ട്ട് മാത്രമാണ് നിര്‍മ്മിച്ചത്.

റോഡ് പൂര്‍ണമായും തകര്‍ന്ന് കാല്‍നടയാത്ര പോലും ദുസ്സഹകമായിരുന്നു. ഒരു റോഡിന് വേണ്ടി പദ്ധതി വെച്ച് ടെന്‍ഡര്‍ ആയാല്‍ അതിന്‍റെ കാലാവധി കഴിയാതെ പിന്നീട് ആ റോഡിന് മെയിന്‍റനന്‍സിന് പോലും പണം വകയിരുത്താന്‍ സാങ്കേതികമായി കഴിയില്ല. ഈ സാങ്കേതികത്വം നാട്ടുകാരെ കൂടുതല്‍ ദുരിതത്തിലാക്കി. ഇത് സംബന്ധിച്ച് 2024 നവംബര്‍ 11 ന് 'കോടികളുടെ വികസനം ബോര്‍ഡില്‍ ഒതുങ്ങി ജനങ്ങള്‍ക്ക് ദുരിതം മാത്രം. ആരോട് പറയാന്‍' എന്ന തലക്കെട്ടില്‍ ജനങ്ങളുടെ ദുരിതം വിവരിച്ച് ജന്മദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. നാട്ടുകാരുടെ സ്വപ്ന പദ്ധതിയായ അത്യാധുനിക സംവിധാനത്തിലുള്ള റോഡ് പണി ആരംഭിച്ചതില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ഏറെ സന്തോഷത്തിലാണ്.