കാഞ്ഞങ്ങാട്: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് പരസ്യമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ട്. വിവിധ പാര്‍ട്ടി നേതാക്കളും അണികളും ഒത്തുചേര്‍ന്ന് കലാശക്കൊട്ട് ഭംഗിയാക്കാനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പല ഇടങ്ങളിലായാണ് കലാശക്കൊട്ട് നടത്തുന്നത്. പ്രാദേശികമായി മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും കലാശക്കൊട്ട് നടത്താനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ച് പോലീസ് അനുമതിയും നല്‍കിയിട്ടുണ്ട്. കാസര്‍കോട് നഗരസഭയില്‍ കലാശക്കൊട്ടിന്‍റെ ഭാഗമായി യുഡിഎഫ് പ്രകടനം നടത്തുന്നില്ല. തളങ്കര, അണങ്കൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വോട്ട് അഭ്യര്‍ഥന മാത്രമാണ് ഉണ്ടാവുക. എല്‍ഡിഎഫും ബിജെപിയും ആഘോഷമായി കലാശക്കൊട്ട് നടത്തുന്നില്ല. വോട്ടഭ്യര്‍ഥന മാത്രമാണുണ്ടാവുകയെന്ന് നേതാക്കള്‍ അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിന്‍റെ കലാശക്കൊട്ട് ഇന്ന് വൈകിട്ട് 4ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപത്തെ എല്‍ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനുമുമ്പില്‍ നടത്തും.
സമീപ വാര്‍ഡുകളിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക. യുഡിഎഫ് നഗരത്തില്‍ പ്രത്യേക റാലി ഒഴിവാക്കി. അതതുവാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ സമാപന പരിപാടികള്‍ നടത്താനാണു തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. എന്‍ഡിഎയുടെ നഗരസഭയിലെ പ്രചാരണ സമാപനം ഇന്ന് വൈകിട്ട് 4 ന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ നടക്കും. നീലേശ്വരം നഗരസഭയില്‍ യുഡിഎഫിന്‍റെ പ്രകടനം 3.30ന് കോണ്‍വന്‍റ ജംഗ്ഷനില്‍ നിന്നും തെരുറോഡ് ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി നിലവിലുള്ള ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. എല്‍ഡിഎഫ് പ്രകടനം 4.30ന് കോണ്‍വന്‍റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തെരുറോഡ് ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി പഴയ മുനിസിപ്പാലിറ്റി ഓഫിസിന് സമീപം സമാപിക്കും. എന്‍ഡിഎ പ്രകടനം തളിയില്‍ അമ്പലം പരിസരത്തുനിന്ന് ആരംഭിച്ച് കോണ്‍വെന്‍റ ജംഗ്ഷനില്‍ സമാപിക്കും.