ബാങ്ക് പ്രസിഡണ്ടിനെ മാറ്റാനെത്തിയ ഡിസിസി പ്രസിഡണ്ടിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു

പെരിയ: ടി.രാമകൃഷ്ണനെ പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കാനുള്ള ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിന്‍റെയും സെക്രട്ടറി എം.സി.പ്രഭാകരന്‍റെയും നീക്കം പാളി.

കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട നാലുപേരില്‍ ഒരാളാണ് ബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണന്‍. ഇതേതുടര്‍ന്നാണ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും രാമകൃഷ്ണന്‍ മാറണമെന്ന ആവശ്യം രാജ്മോഹന്‍ ഉണ്ണിത്താനും ഡിസിസി പ്രസിഡണ്ടും ഉന്നയിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രസിഡണ്ടിനെ മാറ്റാനായി ഡിസിസി പ്രസിഡണ്ട് ഭരണസമിതി യോഗം വിളിച്ചിരുന്നു. എന്നാല്‍ 11 അംഗ ഭരണസമിതിയിലെ രണ്ടുപേരൊഴികെ ഒമ്പത് പേരും രാമകൃഷ്ണനെ മാറ്റാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ ഡിസിസി പ്രസിഡണ്ട് മടങ്ങി. ഞായറാഴ്ച വീണ്ടും ഡയറക്ടര്‍മാരുടെ യോഗം പെരിയ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്തു. ധന്യാസുരേഷ്, രതീഷ് എരുമപള്ളം, ബെന്നി, രവി എന്നിവരും മണ്ഡലം പ്രസിഡണ്ട് രാജന്‍ അരീക്കരയും ഗസ്റ്റ് ഹൗസിലെത്തി. യോഗത്തില്‍ ടി.രാമകൃഷ്ണനെ മാറ്റുന്നതിനെ ബെന്നിയും രവിയും ശക്തമായി എതിര്‍ത്തു. യോഗം ചേരുന്ന വിവരം അറിഞ്ഞ് കല്യോട്ട് നിന്നും പെരിയയില്‍ നിന്നും ഏതാനും കോണ്‍ഗ്രസുകാര്‍ ഗസ്റ്റ് ഹൗസിലെത്തി ഡിസിസി നേതാക്കള്‍ക്ക് താക്കീത് നല്‍കി. ഇതേ ആവശ്യവുമായി ഇനി പെരിയയില്‍ വന്നാല്‍ രണ്ടുകാലില്‍ നടന്നുപോകില്ലെന്ന് എം.സി.പ്രഭാകരന് കോണ്‍ഗ്രസുകാര്‍ മുന്നറിയിപ്പ് നല്‍കി. സ്ഥലം വിടാന്‍ കാറില്‍ കയറി ഡിസിസി പ്രസിഡണ്ടിനെ കുറച്ചുസമയം കോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് ധന്യാസുരേഷിന്‍റെ വീട്ടില്‍ വീണ്ടും യോഗം ചേര്‍ന്നശേഷമാണ് മടങ്ങിപോയത്. ധന്യാസുരേഷിനെ പ്രസിഡണ്ടാക്കണമെന്നാണ് ഉണ്ണിത്താന്‍റെയും പി.കെ.ഫൈസലിന്‍റെയും നിര്‍ദ്ദേശം. പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട അക്രമ കേസുകളിലടക്കം പെരിയയിലെ നിരവധി യുവാക്കള്‍ പ്രതികളാണ്. ഇവര്‍ക്ക് കേസ് നടത്താന്‍ പണമില്ല. പലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറാനും ഗള്‍ഫില്‍പോകാനും കേസ് തടസ്സമായിട്ടുണ്ട്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ഡിസിസി പ്രസിഡണ്ടിനോട് പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും അതിലൊന്നും ഡിസിസി പ്രസിഡണ്ടിന് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസുകാര്‍ അറിയിച്ചു. ഇത് പെരിയയിലേയും കല്യോട്ടേയും യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കമുള്ള കോണ്‍ഗ്രസുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. നാട് നന്നാക്കുന്ന ഉണ്ണിത്താന്‍ കേസിന്‍റെ ചിലവിലേക്കായി ഒരു രൂപവരെ തന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.