ബലാത്സംഗകേസുകളില്‍ പ്രതിയായ സിഐ തൂങ്ങിമരിച്ചു

കൊച്ചി: ദന്ത ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പോലീസ് ഇന്‍സ്പെക്ടര്‍ തൂങ്ങിമരിച്ചു. മലയിന്‍കീഴില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന നെടുമങ്ങാട് സ്വദേശി സൈജുവിനെയാണ് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ബലാത്സംഗകേസുകളില്‍ പ്രതിയാണ് ഇയാള്‍. ദന്ത ഡോക്ടറെ ബലാത്സംഗ ചെയ്ത കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് നേടിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയിന്‍ കീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഒരു പരാതി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജിഡി റജിസ്റ്ററില്‍ സൈജോ കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.