നീലേശ്വരം : വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് തിരിഞ്ഞു നോക്കാതെ അധികൃതര്‍. കാഞ്ഞങ്ങാട് നഗരസഭയിലെ 27, 28, 31 വാര്‍ഡുകള്‍ പങ്കിടുന്ന പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്ന റോഡില്‍ കുഴികളും, വെള്ളക്കെട്ടും നിറഞ്ഞിരിക്കുകയാണ്. റോഡില്‍ നിന്നും മഴവെള്ളം ഓവുചാലില്‍ പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി. ഇവിടുത്തെ ജനങ്ങള്‍ ഒട്ടേറെ തവണ പരാതി പ്പെട്ടിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്കായില്ല. ജനങ്ങള്‍ പരാതി പറയുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ റോഡിലെ കുഴികളില്‍ മണ്ണിട്ട് പോകുമെന്നല്ലാതെ ഒരു പരിഹാരവും ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിത്യേന ജില്ലാ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് വന്നുപോകുന്ന നൂറുകണക്കിന് രോഗികളും വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ദുരിതം പേറുകയാണ്. പടന്നക്കാടിന് സമീപ പ്രദേശങ്ങളായ ഒഴിഞ്ഞവളപ്പ്, കുറുന്തൂര്‍, തീര്‍ത്ഥങ്കര, കണിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഏറ്റവും ഒടുവില്‍ കാഞ്ഞങ്ങാട് നഗരസഭ 20,000 രൂപ വകയിരുത്തി ഓവുചാലിലേക്ക് വെള്ളം ഒഴിക്കിവിടാനുള്ള പദ്ധതി തയ്യാറാക്കി കരാറുകാരനെ ഏല്‍പ്പിച്ചുവെങ്കിലും ജെ.സി.ബി ഉപയോഗിച്ചു ഇവിടെ കെട്ടികിടന്ന മണ്ണ് കൊണ്ടുപോയതല്ലാതെ മഴവെള്ളം റോഡില്‍ തന്നെ കെട്ടികിടക്കുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് നാട്ടുകാരുടെ നീക്കം.
അധികൃതരുടെ അനാസ്ഥയില്‍ ദുരിതം പേറി പടന്നക്കാട്ടുകാര്‍