നാട്ടുകാര്‍ കൈകോര്‍ത്തു; മൈതാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു

നീലേശ്വരം: പരിശീലനം നടത്താന്‍ പോലും ഇടമില്ലാത്ത ദേശീയ ഫുട്ബോള്‍ താരം മാളവിക ഉള്‍പ്പെടെ നിരവധി ഫുട്ബോള്‍ താരങ്ങള്‍ക്ക് ജന്മം നല്‍കിയ ബങ്കളത്ത് നാട്ടുകാര്‍ കൈകോര്‍ത്ത് മൈതാനം ഒരുക്കുന്നു. ലോകം മുഴുവന്‍ ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍ അമരുമ്പോള്‍ മടിക്കൈ ബങ്കളം കൂട്ടപ്പുന്നയിലാണ് അക്ഷയ ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും നാളേയുടെ കായിക വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാനുള്ള കളിമൈതാനം ഒരുക്കാന്‍ കൈകോര്‍ത്തത്. ഒട്ടേറെ കായിക താരങ്ങളെ വാര്‍ത്തെടുത്ത മണ്ണാണ് ബങ്കളത്തിന്‍റേത്. ദേശീയ വനിത ഫുട്ബോള്‍ താരം മാളവിക, 2024ല്‍ കേരളത്തിലെ മികച്ച ഫുട്ബോള്‍ പ്ലയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യശ്രീ, മടിക്കൈയിലെ ആദ്യത്തെ സന്തോഷ് ട്രോഫി ടീം അംഗവും, വനിതാ ഫുട്ബോള്‍ കോച്ചുമായ നിധീഷ് ബങ്കളം, ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ വിവിധ ക്ലബിനുവേണ്ടി ഗോള്‍വല കാത്ത മിര്‍ഷാദ് ഇന്ത്യയിലെ ആദ്യത്തെ വനിത ഫുട്ബോള്‍ അനലൈസര്‍ എം.അഞ്ജിത തുടങ്ങി ഒട്ടേറെ കായിക താരങ്ങളുള്ള ബങ്കളത്ത് പരിശീലനം നടത്താന്‍ ഒരു മൈതാനം ഇല്ലാത്തതിന്‍റെ വിഷമത്തിലാണ് താരങ്ങള്‍. മാളവിക തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ചെന്ന് മൈതാനം അനുവദിക്കാന്‍ നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മന്ത്രിസഭയുടെ അവസാന ബഡ്ജറ്റില്‍ കക്കാട്ട് ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മൈതാനം നവീകരിക്കാന്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ ഉണ്ടായില്ല. ബങ്കളം സ്കൂളിലെ ചരല്‍ മൈതാനത്തും, സമീപപ്രദേശങ്ങളിലെ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളിലുമായിരുന്നു താരങ്ങളെല്ലാം കളിച്ചു വളര്‍ന്നത്. ഈ സ്ഥലങ്ങള്‍ പലതും കെട്ടിടങ്ങള്‍ക്ക് വഴിമാറിയതോടെയാണ് വരും തലമുറയ്ക്ക് കളിസ്ഥലമൊരുക്കണമെന്ന ഒരു ആശയവുമായി കൂട്ടപ്പുന്ന അക്ഷയ ക്ലബ്ബിന്‍റെ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. ഇതിനുവേണ്ടി ക്ലബ്ബ് തന്നെ മുന്‍കൈയെടുത്ത് നാട്ടുകാരുടെ യോഗവും വിളിച്ചു. യോഗത്തിലെത്തിയ നാട്ടുകാര്‍ ക്ലബ്ബിന്‍റെ തീരുമാനത്തോട് യോജിച്ചതോടെ മൈതാനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന പ്രവര്‍ത്തനവുമായി ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും മുന്നിട്ടിറങ്ങി. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 80. സെന്‍റ് സ്ഥലം 40 ലക്ഷത്തോളം വില കൊടുത്തുവാങ്ങി. തുടര്‍ന്ന് ഇരുന്നൂറ്റി എണ്‍പത്തിഅഞ്ചോളം ലോഡ് മണ്ണിറക്കി തറയിലെ കുഴികളും മറ്റും നികത്തി ഒരു മൈതാനമാക്കി മാറ്റി. ഇതിനു വേണ്ടുന്ന തുകകള്‍ കണ്ടെത്തിയത് ആഴ്ച സമ്മാന പദ്ധതിയിലൂടെയാണ്. നാട്ടുകാര്‍ പലരും കൈയയഞ്ഞ് സംഭാവന നല്‍കുകയും ചെയ്തുകൊണ്ടാണ് മൈതാനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. മൈതാനത്തിന് സമീപത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലവും വാങ്ങിക്കണമെന്നാണ് ആഗ്രഹമെന്ന് നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ രാജനും, ക്ലബ്ബ് സെക്രട്ടറി വിനോദും പറഞ്ഞു.