ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം: ഒരുസിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സ്ഫോടനത്തില്‍ ഒരു സിപിഎമ്മുകാരന്‍ മരണപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കൈവേലിക്കല്‍ സ്വദേശി ഷെറിനാണ് (25)മരിച്ചത്. പരിക്കേ റ്റ മൂളിയതോട് സ്വദേശി വിനീഷിനെ(24)ഗുരുതരനിലയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്‍റെ ടെറ സിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് ഷെറിന്‍ മരണപ്പെട്ടത്. വിനീഷിന്‍റെ ഇരുകൈപ്പത്തികളും അറ്റുപോയി. ഷെറിന്‍റെ മുഖത്തായിരുന്നു പരിക്ക്. ഇവര്‍ക്കൊപ്പം മറ്റ് നാലുപേര്‍കൂടി ബോംബ് നിര്‍മ്മാണത്തിന് ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സ്ഫോടനശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രണ്ടുപേരെയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാനൂര്‍ പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ മകനാണ്. പാനൂരില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള ശ്രമത്തിനിടയിലാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു.