ദമ്പതികള്‍ ജീവനൊടുക്കിയത് വ്യത്യസ്ത സമയങ്ങളില്‍

ചെറുപുഴ: ദമ്പതികള്‍ മരിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എയ്യന്‍ങ്കല്ലിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ വള്ളിയോട്ട് സനിത (36) എന്നിവര്‍ വ്യത്യസ്ത സമയങ്ങളിലാണ് മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായി പോലീസ് പറഞ്ഞു. സനോജ് മരിച്ചതിനുശേഷം 16 മണിക്കൂര്‍ കഴിഞ്ഞാണ് സനിത മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സനോജ് ശനിയാഴ്ച രാത്രിയില്‍ മരിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

ചെറിയ സൗന്ദര്യ പിണക്കത്തിലായതിനാല്‍ സനിതയും കുട്ടികളും സ്വന്തം വീട്ടിലായിരുന്നു. ശനിയാഴ്ച സനിതയും സനോജുമായി തര്‍ക്കമുണ്ടാവുകയും സനോജ് ഇവിടെ നിന്നും പോവുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്ക് സനോജിനെ തിരഞ്ഞ് സനിതയും വിദ്യാര്‍ഥിയായ മകനുമെത്തുകയായിരുന്നു. മകനെ കളിക്കാന്‍ വിട്ടതിനുശേഷമാണ് സനിത വീട്ടിലേയ്ക്ക് കയറിയത്. ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സനിതയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഒരാള്‍ പുതപ്പിലും ഒരാള്‍ ഷാളിലുമാണ് തൂങ്ങിയത്. മരണത്തിലെ ദുരൂഹത നീക്കാന്‍ ഇരുവരുടെയും ഫോ ണ്‍ കോളുകളും മറ്റും പോലീസ് പരിശോധിക്കുകയാണ്.