മാധവന്‍റെ മുന്തിരികൃഷിക്ക് ഇരട്ടിമധുരം

രാവണേശ്വരം: മുന്‍ പ്രവാസിയും, വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ രാമഗിരിയിലെ ബി. മാധവന്‍ തന്‍റെ പുരയിടത്തിലെ കൃഷിയിടത്തില്‍ വിളഞ്ഞ് നില്‍ക്കുന്ന മുന്തിരി ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ മുന്തിരി തൈകള്‍ ഉപയോഗിച്ചാണ് മാധവന്‍ തന്‍റെ കൃഷിയിടത്തില്‍ കൃഷി ആരംഭിച്ചത്. തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത് ഒരു വര്‍ഷത്തിനുശേഷം മുന്തിരി കുലകള്‍ വിളഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സിന് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മാധവന്‍ പറയുന്നു. മറ്റ് മുന്തിരികളില്‍ നിന്നും വ്യത്യസ്തമായി നല്ല മധുരവും ഈ മുന്തിരിക്കുണ്ട്. കൃഷിയിടത്തില്‍ മയിലിന്‍റെയും മറ്റ് ജീവജാലങ്ങകളുടെയും ശല്യം കാരണം മുന്തിരിക്കുലകള്‍ പ്ലാസ്റ്റിക് കൂടുകൊണ്ട് മറച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാധവന് കൃഷിക്ക് കൂട്ടായി ഭാര്യ പി. സുധയും ഒപ്പമുണ്ട്. വാഴ, തെങ്ങ്, കുരുമുളക് മഞ്ഞള്‍, പച്ചക്കറികള്‍, പൈനാപ്പിള്‍, സപ്പോട്ട, മാവ് എന്നിവയും മാധവന്‍റെ കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ഒപ്പം കാശ്മീരി മുളകും പച്ചമുളകിന്‍റെ വിവിധഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് ആവശ്യമായ ചാണകവളത്തിനായി പശുവിനെയും വളര്‍ത്തുന്നുണ്ട്. ഭക്ഷണത്തിനാവശ്യമായ അരിക്ക് സ്വന്തം പാടത്ത് നെല്‍കൃഷിയുമുണ്ട്. അജാനൂര്‍ കൃഷിഭവന്‍റെ മികച്ച സഹകരണമാണ് മാധവന്‍റെ വിജയത്തിന് കാരണം. മഴവെള്ളം സംഭരിക്കാനായി റീചാര്‍ജിംങ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. രാമഗിരി തെക്കേ പള്ളത്ത് താന്‍ തുടങ്ങിയ റൈസ് ആന്‍ഡ് ഫ്ളോര്‍ മില്ലില്‍ വിവിധതരത്തിലുള്ള പൊടികളും വെളിച്ചെണ്ണയും ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് ഭാര്യ പി. സുധയുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ മാതൃക റൈസ് ആന്‍ഡ് ഫ്ളോര്‍മില്ലായി പ്രവര്‍ത്തിക്കുന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ മാതൃക വെളിച്ചെണ്ണയും മറ്റ് വിവിധതരം പൊടികളും വിപണിയില്‍ ഏറെ പ്രിയം നേടിയിട്ടുണ്ട്. കൃഷിയോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സജീവമായ മാധവന്‍ സി.പി.എം തെക്കേപള്ളം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം ചിത്താരി വില്ലേജ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, കൊട്ടിലങ്ങാട് പാടശേഖര സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. രാവണേശ്വരം സാമൂഹ്യ വികസന കലാകേന്ദ്രം രാമഗിരിയുടെ ആദ്യകാല ഭാരവാഹിയും ചിത്താരി ബാങ്ക് മുന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.