കരിന്തളത്തെ റബ്ബര്‍ മോഷണം; സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം

നീലേശ്വരം: റബര്‍ ഷീറ്റുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച രണ്ട് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ മോഷണവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരുന്നു. കൂത്തുപറമ്പ് കൂവ്വപ്പാടി ബൈത്തുല്‍ മിനാര്‍ ഹൗസില്‍ ഹാരീസിന്‍റെ മകന്‍ അര്‍ഷാദ് (33), കൂത്തുപറമ്പ് പാട്ട്യം കല്യാണി സൗദത്തില്‍ രാജുവിന്‍റെ മകന്‍ എം.വി.ജിതിന്‍ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി. ഉമേശന്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം കരുവാച്ചേരി പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്‍റെ കരിന്തളം വേളൂരിലെ പുകപ്പുര കുത്തിത്തുറന്ന് റബ്ബര്‍ മോഷ്ടിക്കുന്നതിനിടയിലാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്.

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് ടാപ്പിങ് ജോലിക്കെത്തിയവരാണ് ഇരുവരും. ജിതിന്‍രാജ് മൂന്നര വര്‍ഷമായി കരിന്തളത്ത് വാടക വീട്ടിലാണ് താമസം. അര്‍ഷാദ് മൂന്നുമാസം മുമ്പാണെത്തിയത്. നരിമാളത്ത് വാടക കോട്ടേഴ്സിലാണ് താമസം. സ്കൂട്ടറില്‍ സഞ്ചരിച്ച് ഉണക്കാനിട്ട റബ്ബര്‍ഷീറ്റുകളും മറ്റ് കാര്‍ഷിക വിളകളും മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. ഇവരെ അറസ്റ്റുചെയ്തതിന് പിന്നാലെ കരിന്തളത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും അടക്കകളും മറ്റും മോഷണം പോയതായി പോലീസില്‍ പരാതി ലഭിക്കുന്നുണ്ട്. ഇതിന് പിന്നിലും ഇവര്‍ തന്നെയാണോ എന്നാണ് സംശയം. ഇതുസംബന്ധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ കുഞ്ഞഹമ്മദിന്‍റെ പുകപ്പുരയില്‍ നിന്നും മോഷ്ടിച്ച റബ്ബര്‍ ഷീറ്റുകള്‍ ചീമേനിയിലെ മലഞ്ചരക്ക് കടയിലാണ് വില്‍പ്പന നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ഇവ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. മലഞ്ചരക്ക് കട ഉടമയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ മോഷണമുതലുകള്‍ ഇവിടെ വില്‍പ്പന നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.