ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിന് നോട്ടമിട്ട് അരഡസനോളം പേര്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലടക്കം പത്ത് ഡിസിസി പ്രസിഡണ്ടുമാരേയും ഏതാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരേയും മാറ്റാന്‍ ഇന്നലെ ചേര്‍ന്ന കെ.പി.സി.സി എക്സിക്യുട്ടീവ് യോഗത്തില്‍ നിര്‍ദ്ദേശം.

കാസര്‍കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് അരഡസനോളം ആളുകള്‍ കണ്ണുവെച്ചിട്ടുണ്ട്. കന്നഡ വിഭാഗത്തില്‍ നിന്നും ഒരാളെ പ്രസിഡണ്ടാക്കണമെന്നാണ് ഉണ്ണിത്താന്‍ വിഭാഗത്തിന്‍റെ നിലപാടത്രെ. പ്രത്യേകിച്ച് വായതുറന്ന് ശക്തമായ നിലപാട് വ്യക്തമാക്കാന്‍ ശേഷിയില്ലാത്തവര്‍. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാസംവിധാനം താറുമാറായിട്ട് ഏറെക്കാലമായി. സി.കെ.ശ്രീധരന്‍ പ്രസിഡണ്ടായതുമുതലാണ് സംഘടനാസംവിധാനം തളര്‍ച്ചയിലേക്ക് നീങ്ങിയത്. മണ്ഡലം കമ്മറ്റികള്‍പോലും ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെയും കെ.എസ്യുവിന്‍റെയും സ്ഥിതിയും മറിച്ചല്ല. ജില്ലയില്‍ കോണ്‍ഗ്രസിന്‍റെയും പോഷകസംഘടനകളുടേയും സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ല മുഴുവന്‍ സ്വാധീനമുള്ളവരെ ഡിസിസി പ്രസിഡണ്ടാക്കണമെന്നാണ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. നാടമുറിക്കലും നിലവിളക്ക് കൊളുത്തലും പ്രസംഗങ്ങളും മാത്രമല്ല സംഘടനാപ്രവര്‍ത്തമെന്ന് നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. പി.കെ.ഫൈസലിനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ പലരുടേയും പേരുകള്‍ കെ.പി.സി.സി നേതൃത്വത്തിലേക്ക് അറിയിച്ചുതുടങ്ങി. മുന്‍ വഖഫ് ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍, സാജിദ് മൗവ്വല്‍ എന്നിവരുടെ പേരുകള്‍ കെ.പി.സി.സിയിലേക്ക് അയച്ച ലിസ്റ്റില്‍ ഉള്‍പ്പെടും. എന്നാല്‍ അടുത്തകാലത്ത് ബി.എം.ജമാല്‍ ഉണ്ണിത്താനുമായി നിശ്ചിത അകലം പാലിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജമാലിനോട് ഉണ്ണിത്താന്‍ മര്യാദയില്ലാതെ പെരുമാറിയതാണത്രെ അകല്‍ച്ചക്ക് കാരണം. എല്ലാവരും നോയലും സാജിദും അല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. കെ.പി.സി.സിയിലും രണ്ടുമാസത്തിനുള്ളില്‍ പുനസംഘടനക്ക് സാധ്യതയേറി. കെ.സുധാകരന്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരുമെങ്കിലും മറ്റ് സ്ഥാനങ്ങളില്‍ ഇളക്കിപ്രതിഷ്ഠ ഉണ്ടാവുമെന്നാണ് സൂചന. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതാത് ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കാന്‍ കെ.പി.സി.സി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ക്രമേണ ഓരോ ക്ലസ്റ്ററിനും ഭാരവാഹികളുണ്ടാവും. ഓരോ ക്ലസ്റ്ററിന്‍റെയും പരിധിയില്‍ സംഘടനയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുത്തും. കാസര്‍കോട് ജില്ലയില്‍ ഉണ്ണിത്താന്‍-ബാലകൃഷ്ണന്‍ യുദ്ധം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് ഭരണം, വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ ചുമതലയുള്ളവര്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടിവരും.