നീലേശ്വരം: വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്ത വൃദ്ധയായ ഭര്‍തൃമാതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചതിന് സര്‍ക്കാര്‍ ജീവനക്കാരിയായ മരുമകള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചിറപ്പുറം പാലക്കാട്ട് ആശാദീപത്തില്‍ റിട്ടേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അമ്പാടി കുഞ്ഞിയുടെ ഭാര്യ കെ ശ്യാമളയെയാണ് (73) മകന്‍ ദീപക്കിന്‍റെ ഭാര്യയും ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ജീവനക്കാരിയുമായ ബിന്ദു അടിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ബിന്ദുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. അമ്പാടിക്കുഞ്ഞിയുടെ വീട്ടിലേക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന റോഡ് ജെസിബി ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തപ്പോഴാണ് വൃദ്ധമാതാവിനെ ബിന്ദു ആക്രമിച്ചത്. 44 വര്‍ഷമായി ഉപയോഗിച്ച് വരുന്ന റോഡ് തടസ്സപ്പെടുത്തിയതിന് ബിന്ദുവിനെതിരെ വൃദ്ധ ദമ്പതികള്‍ കാഞ്ഞങ്ങാട് ആര്‍ ഡി ഒ യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നിലവില്‍ ആര്‍ ഡി ഒയുടെ ഉത്തരവ് നിലനില്‍ക്കെ തന്നെയാണ് ഈ വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം മകന്‍റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരിയുമായ ബിന്ദു തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ മാസം ആദ്യവാരത്തില്‍ ഇതേ രീതിയില്‍ കുടുംബത്തെ ബന്ധികളാക്കിയ പോലെ റോഡ് തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഈ വൃദ്ധ മാതാപിതാക്കളുടെ ദയനീയത ജന്മദേശമാണ് പുറത്തുകൊണ്ടുവന്നത്. നിത്യ രോഗിയായ അമ്പാടി കുഞ്ഞിയും ഭാര്യ ശ്യാമളയും മരുമകളുടെ ക്രൂരതയില്‍ ഒറ്റപ്പെട്ടുപോയ നരക ജീവിതത്തെക്കുറിച്ച് ജന്മദേശം നിരന്തരം വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് വഴി പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.