വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേന്ദ്രസര്‍വ്വകലാശാല വി.സിക്കെതിരെ പരാതി

പെരിയ: കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് കെ.സി.ബൈജു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥകുഴഞ്ഞ് വീണു.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നു. വി.സി ഇന്‍ ചാര്‍ജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി . കെ. സി ബൈജുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നും ജീവനക്കാര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി കുഴഞ്ഞ് വീണ ഐടി വിഭാഗം ഉദ്യോഗസ്ഥയെ ജീവനക്കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേന്ദ്ര സര്‍വ്വകലാശാലയുടെ എക്സിക്യുട്ടീവ് യോഗം കഴിഞ്ഞദിവസം കേന്ദ്രസര്‍വ്വകലാശാല ഗസ്റ്റ്ഹൗസില്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായതിനെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. ഇന്‍റര്‍നെറ്റ് തകരാറായത് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും വിസി ഇത് മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കാബിനിലേക്ക് വിളിച്ചുവരുത്തി മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. തുടര്‍ന്നാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണത്. ഇതോടെയാണ് ഭരണവിഭാഗം ഉദ്യോഗസ്ഥര്‍ വി സി ഇന്‍ചാര്‍ജ് കെ.സി.ബൈജുവിന്‍റെ കാബിന്‍ വളഞ്ഞ് പ്രതിഷേധിച്ചത്. നേരത്തെയും ഇദ്ദേഹം പല ഉദ്യോഗസ്ഥരോടും മോശമായ രീതിയില്‍ പെരുമാറിയിരുന്നുവത്രെ. എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമായ നിലപാട് സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.