മൗലവി വധം: വിധി അപ്രതീക്ഷിതം- സിപിഎം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി അപ്രതീക്ഷിതമായിരുന്നെന്ന് സിപിഎം ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഒരുദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാന്‍ഡില്‍ തന്നെ വെക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം കേസുകളില്‍ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച സമയത്തോ വിചാരണ സമയത്തോ കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമര്‍ശനവും ഉയര്‍ന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ട സ്പെഷല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഒരു സാക്ഷിപോലും കൂറുമാറിയിരുന്നില്ല. ഡി എന്‍ എ ടെസ്റ്റുള്‍പ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശാജനകമായി. വിധി പകര്‍പ്പ് ലഭിച്ചാലെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷന്‍കമ്മിറ്റിയുമായും ആലോചിച്ച് അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.