കൊലപാതകത്തിന് തലേദിവസവും പ്രമോദ് പിതാവിനെ കൊല്ലാക്കൊലചെയ്തു

പള്ളിക്കര: തേങ്ങ പൊതിക്കുന്ന പാരകൊണ്ടും കസേരകൊണ്ടും പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ കൊലപാതകത്തിന് തലേദിവസവും പിതാവിനെ അതിക്രൂരമായി അക്രമിച്ചു. ബേക്കല്‍ പള്ളിക്കര, സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വിട്ടില്‍ പി.അപ്പക്കുഞ്ഞിയാണ് (65) മകന്‍ പി.ടി.പ്രമോദ് ഇന്നലെ വൈകീട്ട് 5.45 ഓടെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ തലേദിവസം ഞായറാഴ്ച ഉച്ചക്കും അപ്പകുഞ്ഞിക്ക് നേരെ സമാനതകളില്ലാത്ത ക്രൂരതയാണ് പ്രമോദ് നടത്തിയത്. അടുക്കളയില്‍ വെച്ച് പ്രമോദ് പിതാവിനെ പിടിച്ച് തള്ളുകയും സ്റ്റോര്‍ റൂമില്‍ തലയടിച്ച് വീണ അപ്പകുഞ്ഞിയുടെ മുകളില്‍ കയറിയിരുന്ന് ഹാമറിന്റെ പിടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിക്കുകയും അവിടെ ഉണ്ടായിരുന്ന അഡ്ജസ്റ്റബിള്‍ പൈപ്പ് റൈഞ്ചുകൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു. ഇതിനുശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രമോദ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. ഒരുമാസം മുമ്പ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ പ്രമോദ് നിരന്തരം വീട്ടില്‍ ബഹളം ഉണ്ടാക്കുകയും പിതാവിനെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അപ്പകുഞ്ഞി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രമോദ് കരുതികൂട്ടി പിതാവിനെ കൊലപ്പെടുത്തിയത്.

ഞായറാഴ്ച മകന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ അപ്പക്കുഞ്ഞി ആശുപത്രിയില്‍ ചികിത്സ തേടുകയും ഇതേതുടര്‍ന്ന് പ്രമോദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. ഇതറിഞ്ഞശേഷമാണ് ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ പ്രമോദ് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ടും പിക്കാസ് കൊണ്ടും തലക്കടിച്ച് പിതാവിനെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ അപ്പകുഞ്ഞിയുടെ ഭാര്യ സുജാത മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ഗുരുതരമായി പരിക്കേറ്റ അപ്പകുഞ്ഞിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രമോദിനെ ബേ ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകീട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.