കെയ്‌റോ: ഗാസ സിറ്റിയില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി. അല്‍-സഹാബ ഏരിയയിലെ അല്‍-തബയിന്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 'നിസ്‌കാരം' നിര്‍വഹിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇത് കൂടുതല്‍ പേരുടെ മരണത്തിന് കാരണമായതായും സിവില്‍ ഡിഫന്‍സ് ഏജന്‍സി ആരോപിച്ചു.
അതേസമയം, ഹമാസ് കമാന്‍ഡ് സെന്ററിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി. ഹമാസ് ഭീകരരും കമാന്‍ഡര്‍മാരും ഒളിവില്‍ താമസിച്ചിരുന്ന അല്‍-തബയിന്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള സെന്ററിലാണ് അക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമണത്തിന് മുന്നോടിയായി സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത ലഘൂകരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നതായും സൈന്യം വാദിച്ചു.