റിയാസ് മൗലവി വധം: പ്രതികളെ വെറുതെവിട്ടു

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണന്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.

കാസര്‍കോട് കൂഡ്ലു കേളുഗുഡ്ഡെയിലെ അജേഷ്, നിധിന്‍, അജീഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. സംഭവത്തിന് മൂന്നാംദിവസം അന്വേഷണസംഘം അറസ്റ്റുചെയ്ത പ്രതികളെല്ലാം ഇതുവരെയും ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നായിരുന്നു അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷലഭിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രതീക്ഷ. കേസില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. 2019ലാണ് കേസിന്‍റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡ് കാരണവും പല തവണ മാറ്റിവെച്ചുവെന്ന അപൂര്‍വ്വതയും റിയാസ് മൗലവി വധക്കേസിനുണ്ട്. കേസ് ഇത് വരെ ഏഴു ജഡ്ജിമാരാണ് പരിഗണിച്ചത്. വിധി പ്രസ്താവന കണക്കിലെടുത്ത് കാസര്‍കോട്ട് ടൗണ്‍ കറന്തക്കാട്, കൂഡ്ലു, മീപ്പുഗുരി എന്നിവിടങ്ങളിലും വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തിന് സമീപവും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അവധിയില്‍ പോയ ജില്ലയില്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെയെല്ലാം ജില്ലാ പോലീസ് മേധാവി വെള്ളിയാഴ്ച തന്നെ തിരികെ വിളിച്ചിരുന്നു. കോടതി വിധി നിരാശജനകമാണെന്നും ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.