സൂരജ് വധം: 9 സിപിഎമ്മുകാര്‍ കുറ്റക്കാര്‍

തലശ്ശേരി : ബി.ജെ.പി. ആര്‍.എസ്എസ് പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പേര്‍ കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ പി.എം. മനോരാജ് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികളില്‍ ഉള്‍പ്പെടുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്‍റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസില്‍ ഉള്‍പ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി. 2010ല്‍ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്‍റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. പ്രേമരാജന്‍, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. എന്‍.ആര്‍. ഷാനവാസ് എന്നിവര്‍ ഹാജരായി.

സി.പി.എം. പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്‍റവിട ഹൗസില്‍ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍. വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്‍റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്‍റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67),പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണന്‍ (60) എന്നിവരാണ് കേസിലെ പ്രതികള്‍. പത്താം പ്രതി എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെവിട്ടു. ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കല്‍ ഹൗസില്‍ പി.കെ. ഷംസുദ്ദീന്‍ എന്ന ഷംസു, 12ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രന്‍ എന്നിവര്‍ സംഭവശേഷം മരിച്ചു.