മംഗലാപുരം: യുവമോര്‍ച്ചാ നേതാവ് ബെള്ളാരെ പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 21-ാം പ്രതി അതീഖ് അഹമ്മദിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്തത്. പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ മുസ്തഫ പായിച്ചാറിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതിനാണ് അതീഖ് അഹമ്മദിനെ അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് ശേഷം മുസ്തഫ പായിച്ചാറിനെ ചെന്നൈയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് അതീഖ് അഹമ്മദാണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. 2024 മെയ് മാസത്തിലാണ് മുസ്തഫയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലാകുംവരെ മുഖ്യപ്രതിക്ക് ഒളിവില്‍ കഴിയാനുള്ള സഹായം നല്‍കിയത് ഇപ്പോള്‍ അറസ്റ്റിലായ 21-ാം പ്രതിയാണെന്ന് അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. 2022 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ചിക്കന്‍ സ്റ്റാള്‍ അടച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ബൈക്കുകളിലെത്തിയ സംഘം പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നുവെന്നാണ് ബെല്ലാരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കോളിളക്ക കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. കേസില്‍ ഇനി ആറു പ്രതികളെ കിട്ടാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.