രാജപുരം: ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 15 കൊല്ലത്തിന് ശേഷം കെട്ടിട നിര്‍മ്മാണകരാറുകാരന്‍ അറസ്ററില്‍. മലയോരത്തെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസിനെയാണ് (55) കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ബിജു കര്‍ണ്ണാടകയില്‍ കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. കര്‍ണ്ണാടകയിലെത്തി ഇന്നലെ ഉച്ചതിരിഞ്ഞ് ബിജുവിനെ കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ കാസര്‍കോട്ടെത്തിച്ച് 9 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ബിജുവിനെ കോടതിയില്‍ ഹാജരാക്കും. ബിജുവിനെ പെണ്‍കുട്ടിയുമായി താമസിച്ച ക്വാര്‍ട്ടേഴ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 15 കൊല്ലം മുമ്പാണ് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് വടകരമുക്കിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതാവുന്നത്. ബിജുപൗലോസിനോടൊപ്പം എറണാകുളത്തേക്ക് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് പരിശീലനത്തിനാണ് പെണ്‍കുട്ടി മലയോരത്തുനിന്നും കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നത്. ആദ്യം പെണ്‍കുട്ടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പിന്നീട് ബിജുപൗലോസും മാതാവ് ഏലിയാമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ മടിയനിലെ ഒരു വാടക ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി താമസിപ്പിച്ചു. ബിജുവും മാതാവ് ഏലിയാമ്മയും കുറച്ചുനാള്‍ ഒപ്പം താമസിച്ചു. ഭാര്യാഭര്‍ത്താക്കന്മാരെപോലെയായിരുന്നു ബിജുവും പെണ്‍കുട്ടിയും ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞിരുന്നത്. അന്ന് പെണ്‍കുട്ടിക്ക് പ്രായം 17 വയസാണ്. പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വിവാഹം കഴിക്കാമെന്നായിരുന്നു ബിജു കൊടുത്ത വാക്ക്. 18 വയസ് പൂര്‍ത്തിയായമുറയ്ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വിവാഹം ബിജു നീട്ടിക്കൊണ്ടുപോയി. ഇതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയും ഫയല്‍ചെയ്തു. പിന്നീട് കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് റിട്ട് ഹരജിയും ഫയല്‍ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസന്വേഷണത്തിന് ലോക്കല്‍ പോലീസിന്‍റെ പ്രത്യേക സംഘത്തേയും പിന്നീട് ക്രൈംബ്രാഞ്ചിനേയും ചുമതലപ്പെടുത്തിയത്. ലോക്കല്‍ പോലീസില്‍ ബേക്കല്‍ ഡിവൈഎസ്പിയായിരുന്ന സി.കെ.സുനില്‍കുമാറായിരുന്നു അന്വേഷണ സംഘതലവന്‍. പക്ഷേ സുനില്‍കുമാറിന് പ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല. നാലുമാസം മുമ്പ് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന ഒരു അസ്ഥികഷ്ണം ലഭിച്ചു. ഇത് മലയോരത്തുനിന്നും കാണാതായ പെണ്‍കുട്ടിയുടേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍.എ പരിശോധനക്ക് അയച്ചു. മാതാപിതാക്കളുടേയും സഹോദരിയുടേയും രക്തസാമ്പിളും അസ്ഥിയോടൊപ്പം ഡിഎന്‍എ പരിശോധനക്ക് അയച്ചത്. 15 കൊല്ലം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ലോക്കല്‍ പോലീസില്‍ നിന്നും ആദ്യഘട്ടത്തില്‍ വേണ്ടത്ര ജാഗ്രത ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കണ്ണൂരിലെ തെക്കന്‍ സുനില്‍കുമാര്‍ സംസ്ഥാന സെക്രട്ടറിയായ കേരള പട്ടികജാതി ജനസമാജം രംഗത്തിറങ്ങി പ്രക്ഷോഭം തുടങ്ങുകയും കേരള ഹൈക്കോടതിയില്‍ റിട്ട് ഫയര്‍ചെയ്യുകയുമായിരുന്നു. കൂടാതെ നിരന്തരം കേസന്വേഷണത്തിന്‍റെ പുരോഗതി അന്വേഷിച്ചുകൊണ്ടിരുന്നു. ഇതാണ് പെണ്‍കുട്ടിയുടെ ഘാതകന്‍റെ അറസ്റ്റിന് വഴിതെളിച്ചത്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ചിത്താരിപുഴയില്‍ ഒഴുക്കിയതായി ബിജു മൊഴിനല്‍കിയിരുന്നു. മഡിയനിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടുവെന്നും താഴെയിറക്കി വാഹനത്തില്‍ കയറ്റി ചിത്താരിപുഴയില്‍ ഒഴുക്കിയെന്നുമാണ് ബിജു ലോക്കല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതുകൊണ്ട് പോലീസ് മൊഴികളെല്ലാം പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പാണത്തൂര്‍ പവിത്രം കയയിലാണ് പെണ്‍കുട്ടിയെ ഒഴുക്കിയതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. അന്ന് അജ്ഞാത മൃതദേഹം എന്ന നിലയില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ മൃതദേഹം സംസ്ക്കരിച്ചു. സംസ്ക്കരിച്ച സ്ഥലത്തുനിന്നും പോലീസ് സംഘടിപ്പിച്ച അസ്ഥിയാണ് ഡിഎന്‍ എ പരിശോധനക്കയച്ചത്. ജന്മദേശം നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബിജുപൗലോസിന് ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. രണ്ട് കൊല്ലത്തിലധികം കാലമായി പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ച വാര്‍ത്തകള്‍ ബിജുപൗലോസിന്‍റെ ഫോട്ടോ അടക്കമാണ് പ്രസിദ്ധീകരിച്ചിരുന്നത്. കെപിജെഎസ് ഭാരവാഹികളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും ക്രൈംബ്രാഞ്ച് ഐജിയേയും എസ്പിയേയും നേരില്‍കണ്ട് സുപ്രധാനമായ പലവിവരങ്ങളും രേഖാമൂലം കൈമാറിയിരുന്നു. ഇതിലെല്ലാം ബിജുപൗലോസിനെയാണ് മുഖ്യമായും പരാമര്‍ശിച്ചിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പ്രകാശിന്‍റെയും സൂപ്രണ്ട് പ്രതീഷ് തോട്ടത്തിലിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ തിരോധാനം: ബിജുപൗലോസ് അറസ്ററില്‍
