കെ.സി.സി.പി.എല്‍: മൂന്നാംവര്‍ഷവും ലാഭത്തില്‍

പാപ്പിനിശ്ശേരി : പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് & സിറാമിക്സ് പ്രൊഡക്ടസ് ലിമിറ്റഡ് (കെ.സി.സി പി.എല്‍)മൂന്നാം വര്‍ഷവും തുടര്‍ച്ചയായി ലാഭത്തിലേക്ക്.

2014-15 സാമ്പത്തിക വര്‍ഷം മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ കഴിയാതെ അടച്ചുപൂട്ടലിന്‍റെ വക്കില്‍ നിന്നുമാണ് പൊതുമേഖലാ സംരക്ഷണ നയം പ്രഖ്യപിച്ച സംസ്ഥാനസര്‍ക്കാരിന്‍റെ പിന്തുണയില്‍ കെ.സി.സി.പി.എല്‍ വിജയഗാഥ രചിച്ചുതുടങ്ങിയത്.

2016-17 മുതല്‍ വൈവിദ്ധ്യവല്‍ക്കരണ പദ്ധതി ആരംഭിച്ചതോടെയാണ് കമ്പനി ലാഭത്തിലായത്. ഒന്നാംഘട്ട വൈവിധ്യവല്‍ക്കരണ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തി എല്ലാ ആനുകൂല്യങ്ങളും നല്‍കി. രണ്ടാം ഘട്ടത്തില്‍ 12 ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി കമ്പനി ലാഭത്തിലേക്ക് കുതിച്ചു. ഐ ടി ഇങ്കുബേഷന്‍ സെന്‍റര്‍, കോക്കനട്ട് & ഫ്രൂട്ട് പ്രൊസസ്സിംഗ് കോംപ്ലക്സ്, മൂന്ന് പെട്രോള്‍ പമ്പുകള്‍, ആന്‍റിസെപ്റ്റിക് സൊല്യൂഷന്‍സ്&ഡിസ് ഇന്‍ഫെക്ടന്‍റ് കോംപ്ലക്സ് എന്നിവ വൈവിധ്യവല്‍ക്കരണത്തിന്‍റെ ചിലത് മാത്രമാണ്. കമ്പനി പുറത്തിക്കിയ എല്ലാ ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്‍ മികച്ചതെന്ന് വിധിയെഴുതിയിട്ടുണ്ട്.

202-22 ല്‍ 60ലക്ഷം, 2021-22 ല്‍ 80 ലക്ഷം രൂപയും ഈ സാമ്പത്തിക വര്‍ഷം 90 ലക്ഷം രൂപയും പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഓഡിറ്റ് പൂര്‍ത്തിയാവുന്നതോടുകൂടി ലാഭം വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും വിറ്റുവരവ് 3.42 കോടിയില്‍ നിന്ന് 72 കോടിയിലേക്ക് കുതിച്ചതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖലാ മേഖലാ സംരക്ഷണനയവും കമ്പനി ഭരണസമിതിയുടേയും തൊഴിലാളികളുടെയും ഓഫീസര്‍മാരുടേയും സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമെന്ന് ചെയര്‍മാന്‍ ടി.വി.രാജേഷും എംഡി ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.