ജോലി നിഷേധിക്കപ്പെട്ട നേതാവിന്‍റെ പേരില്‍ അറുപതോളം കേസുകള്‍

കാഞ്ഞങ്ങാട്: ക്രിമിനല്‍ കേസ് പ്രതിസ്ഥാനത്ത് റെക്കാര്‍ഡുമായി കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ ജില്ലാ ചെയര്‍മാന്‍ ബി.പി.പ്രദീപ്കുമാര്‍.

വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരനായ പ്രദീപ്കുമാറിന് മൂന്നാഴ്ചമുമ്പ് ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍പതാലി ജോലി നിഷേധിച്ചത് സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടയിലാണ് പ്രദീപ്കുമാര്‍ ജില്ലയില്‍ കെ എസ് യുവിനും യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുതുടങ്ങിയത്. നാല് കൊല്ലം വീതം കെ എസ് യു ജില്ലാപ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന പ്രദീപ്കുമാറിന്‍റെ പേരില്‍ കഴിഞ്ഞ എട്ട് കൊല്ലത്തിനിടയില്‍ ഉയര്‍ന്നത് അറുപതോളം ക്രിമിനല്‍ കേസുകള്‍. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമായുള്ള സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയതാണ് പ്രദീപ്കുമാറിന് മേല്‍ ക്രിമിനല്‍ കേസുകള്‍ കുരുക്ക് മുറുക്കിയത്. നിലവില്‍ വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ രാത്രികാലത്ത് ഡ്യൂട്ടി ചെയ്യും. പുലര്‍ച്ചെ പറക്ലായി പ്രദേശത്ത് വീടുവീടാന്തരം പ്രഭാതപത്രങ്ങള്‍ വിതരണം ചെയ്യും. പകല്‍ സമയങ്ങള്‍ പലപ്പോഴും കോടതി വരാന്തകളിലാണ് ചിലവഴിക്കുന്നത്. ബാങ്കില്‍ നിന്നും ലഭിക്കുന്ന വരുമാനവും പത്ര ഏജന്‍സികൊണ്ട് ലഭിക്കുന്ന വരുമാനവും ജീവിതചിലവിനും കേസുകള്‍ നടത്താനും പ്രദീപിന് തികയുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ സഹപ്രവര്‍ത്തകര്‍ക്കും സ്വന്തംകേസുകള്‍ക്കും വേണ്ടി മൂന്ന് ലക്ഷത്തോളം രൂപ വിവിധ കേസുകളിലായി വിവിധ കോടതികളില്‍ പിഴയടച്ചു. ഇത്രയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മറ്റൊരുകോണ്‍ഗ്രസ് നേതാവ് ജില്ലയിലില്ല. പിഴയടച്ച് കേസുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും അവശേഷിക്കുന്നത് മുപ്പതിലധികം കേസുകള്‍. ഈ കേസുകളില്‍ പലതിലും കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടക്കിടെ പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. അന്നോ പിറ്റേന്നോ കുറ്റം സമ്മതിച്ച് പിഴയടച്ച് പുറത്തിറങ്ങും. പുറത്തിറങ്ങുന്നതുവരെ ജയിലാണ് അഭയം. കോണ്‍ഗ്രസിന്‍റെ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ മീഡിയ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ജോലി നിഷേധിക്കപ്പെട്ടത്. ജോലിനിഷേധിക്കപ്പെട്ട സംഭവത്തില്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രദീപ്കുമാറിന് വേണ്ടി രംഗത്തുവന്നു. ജോലി നിഷേധിച്ച ബാങ്ക് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും ബാങ്കിലെ ഭരണസമിതി അംഗങ്ങളെ ഉപദേശിച്ചു. അങ്ങനെയാണ് ആറ് ഭരണസമിതി അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയം ഫെബ്രുവരി 6 ന് കാസര്‍കോട് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് നല്‍കിയത്.

മാര്‍ച്ച് 30 ന് രാവിലെ 11 മണിക്ക് അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഈ അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അവിശ്വാസപ്രമേയം നല്‍കിയവരെ നേതാക്കള്‍ ഇന്നലെ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ചിരുന്നു. ആറുപേരും നേതാക്കളെ കാണാന്‍പോയില്ല. നാളെ രാവിലെ 10 മണിക്ക് വീണ്ടും അവിശ്വാസപ്രമേയത്തില്‍ ഒപ്പിട്ടവരെ നേതാക്കള്‍ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ആറുപേരോടും നേതാക്കളെ കാണാന്‍ പോകരുതെന്നാണ് ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ഉപദേശിച്ചിരിക്കുന്നത്. അവിശ്വാസപ്രമേയം പാസായാലും ബാങ്ക് കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നില്ല. ഭരണസമിതിയും പ്രസിഡണ്ടും വീണ്ടും കോണ്‍ ഗ്രസ് തന്നെയായിരിക്കും.