കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടു. ഇ പോസ് സെര്‍വര്‍ തകരാര്‍ ഇന്നും തുടര്‍ന്നതോടെയാണ് റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടത്. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. ഇതേതുടര്‍ന്ന് റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാര്‍ഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.
സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം മന്ത്രിയുടെ നിര്‍ദ്ദേശം വരുന്നതുവരെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനിന്നത്. റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
റേഷന്‍ കടകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി കുറ്റപ്പെടുത്തി. ഒരേ സമയം തന്നെ സംസ്ഥാനത്തെ മുഴുവന്‍സ്ഥലങ്ങളിലും മസ്റ്റെറിങ് നടത്താന്‍ ആവില്ലെന്നും അതിനാല്‍ ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ പ്രതിസന്ധി ഉണ്ടായപ്പോള്‍ അരി വിതരണം നിര്‍ത്തണം എന്ന് പറഞ്ഞിട്ടും ചിലര്‍ അത് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. റേഷന്‍ വിതരണം മുടങ്ങാന്‍ പാടില്ല. ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കും. പ്രശ്നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് മസ്റ്ററിങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയത് 15 ലക്ഷം കാര്‍ഡ് ഉടമകള്‍ മാത്രമാണ്. മാര്‍ച്ച് 31 നകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശിച്ചിട്ടുള്ളത്. സെര്‍വര്‍ തകരാര്‍മൂലം മസ്റ്ററിംങ് നിര്‍ത്തിവെച്ചതോടെ ആയിരങ്ങളാണ് വലഞ്ഞത്. പലരും ഏറെ പ്രയാസപ്പെട്ടാണ് മസ്റ്ററിംങ് കേന്ദ്രങ്ങളിലേക്ക് എത്തിയത്. ഒടുവില്‍ ഇവര്‍ക്കെല്ലാം നിരാശരായി മടങ്ങേണ്ടിവന്നു.