നീലേശ്വരത്ത് വികസന പദ്ധതികള്‍ സ്തംഭനത്തില്‍

നീലേശ്വരം:നീലേശ്വരം നഗരത്തില്‍ ഉള്‍പ്പെടെയുള്ള വന്‍കിട വികസന പദ്ധതികളെല്ലാം വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സ്തംഭിപ്പിച്ചിരിക്കുന്നത് ജനങ്ങളില്‍ പ്രതിഷേധം ഉടലെടുത്തിരിക്കുന്നു. സാങ്കേതികത്വത്തിന്‍റെ പേരില്‍ നഗരത്തിന്‍റെ വികസനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയും പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 40 കോടി രൂപ വകയിരുത്തി ആരംഭിച്ച രാജാ റോഡ് വികസനവും കച്ചേരിക്കടവ് പാലം നിര്‍മാണവും മാസങ്ങളായി നിലച്ചത് നഗരത്തിന്‍റെ വികസനക്കുതിപ്പിന് തിരിച്ചടിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കിയതിനെത്തുടര്‍ന്ന് നിര്‍മാണം ആരംഭിച്ച കച്ചേരിക്കടവ് പാലത്തിന്‍റെ പ്രവൃത്തികളാണ് കഴിഞ്ഞ ഏഴുമാസമായി പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്നത്. പാലത്തിന്‍റെ ഇരുഭാഗങ്ങളിലെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും പുഴയുടെ മധ്യഭാഗത്തെ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പാലം നിര്‍മാണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡും ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം. ഇതൊരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. കച്ചേരിക്കടവ് പാലം യാഥാര്‍ഥ്യമായാല്‍ നീലേശ്വരം മാര്‍ക്കറ്റ് ഭാഗത്ത് ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. നഗരത്തിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും നിര്‍ണായകമായ പദ്ധതി അനിശ്ചിതമായി നീളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ നീലേശ്വരംڊഎടത്തോട് റോഡ് നവീകരണ പദ്ധതിയും മുന്നോട്ടുപോകാത്ത സ്ഥിതിയിലാണ്. പുതിയ ഉത്തരവുകളുടെ പേരിലാണ് നിര്‍മാണം തടസ്സപ്പെട്ടതെന്നാണ് വിശദീകരണം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ തുറക്കുന്നത് വൈകിപ്പിക്കുന്നതാണ് പദ്ധതി സ്തംഭനത്തിന് കാരണമെന്നാണ് ചെയര്‍മാന്‍റെ ആരോപണം. റോഡ് വികസനം വൈകുന്നത് പ്രദേശത്തെ ഗതാഗതസൗകര്യങ്ങളെയും യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ വലിയ പാലങ്ങളില്‍ ഒന്നായി നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഓര്‍ക്കുളംڊതൈക്കടപ്പുറം പാലത്തിന്‍റെ പ്രവൃത്തികളും നിശ്ചലാവസ്ഥയിലാണ്. 40 കോടി രൂപയുടെ ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗതബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ നിര്‍മാണം മുന്നോട്ടുപോകാത്തത് പ്രദേശത്തിന്‍റെ വികസനപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. രാജാ റോഡ് വികസനം, കച്ചേരിക്കടവ് പാലം, നീലേശ്വരംڊഎടത്തോട് റോഡ്, ഓര്‍ക്കുളംڊതൈക്കടപ്പുറം പാലം തുടങ്ങിയ പദ്ധതികള്‍ ഒരേസമയം പ്രതിസന്ധിയിലായതോടെ നഗരത്തിന്‍റെ സമഗ്ര വികസനമാണ് തടസ്സപ്പെടുന്നത്. പദ്ധതികള്‍ക്ക് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍, കിഫ്ബി, ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.പി. മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുപകരം സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നഗരത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ്ജനങ്ങള്‍ക്ക് പറയാനുള്ളത്.