തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിച്ചതോടെ അവകാശവാദങ്ങളുമായി മുന്നണികള്‍. ഇടതുവലതു മുന്നണികള്‍ 20 സീറ്റിനും അവകാശവാദം ഉന്നയിക്കുമ്പോള്‍ ഇക്കുറി നില മെച്ചപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി .
ബി.ജെ.പി കൂടി കേരളത്തെ പ്രതീക്ഷാകേന്ദ്രമാക്കിയതോടെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ക്യാമ്പുചെയ്യുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. മികച്ച പ്രകടനം എന്ന പ്രത്യാശ ബി.ജെ.പി പ്രകടിപ്പിക്കുന്നതിനുള്ള കാരണവും ഇതാണ്.
തന്‍റെ എതിരാളിയായി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിച്ച ഡോ: ശശിതരൂരിന് വേണ്ടി പ്രചാരണം നടത്താന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ കേരളത്തില്‍ 20 സീറ്റുകളും നേടുമെന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അതേ തന്ത്രം തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും ഇക്കുറിയും സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി ശക്തമായ പ്രചാരണം അഴിച്ചുവിടുകയെന്നതായിരുന്നു ആ തന്ത്രം. ഒപ്പം രാഹുല്‍ഗാന്ധികൂടി മത്സരിക്കാന്‍ എത്തിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തരംഗം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അവര്‍. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തേക്കാളും ബി.ജെ.പിയെക്കാളും കേരളത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചത് സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും തന്നെയായിരുന്നു.
കഴിഞ്ഞ തവണ ഈ തന്ത്രത്തില്‍ വീണുപോയ സി.പി.എമ്മും ഇടതുമുന്നണിയും ഇക്കുറി അത് മാറ്റിക്കുറിക്കുകയും ചെയ്തു. രാഹുലിനെ പ്രതീക്ഷയായി കണ്ടുകൊണ്ട് കഴിഞ്ഞതവണ അദ്ദേഹത്തിനും കോണ്‍ഗ്രസിനുമെതിരേ വിമര്‍ശനം പരിമിതപ്പെടുത്തിയിരുന്ന സി.പി.എം. ഇക്കുറി അത് മറികടന്നുകൊണ്ട് ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുക തന്നെ ചെയ്യുകയായിരുന്നു. രാഹുല്‍ ഗാന്ധിയേയും വിടില്ലെന്ന നിലപാടിലായിരുന്നു സി.പി.എം. പൗരത്വഭേദഗതി നിയമത്തില്‍ പിടിച്ചുതുടങ്ങിയ പ്രചാരണം അവസാനദിവസം പോലും അതേനിലയില്‍ തന്നെയാണ് അവര്‍ മുന്നോട്ടുകൊണ്ടുപോയതും.അതോടൊപ്പം സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ മറികടക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷകരിച്ചു. ഇതിനായി ഏറ്റവും താഴേത്തട്ടില്‍ തന്നെ ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് സി.പി.എം രൂപം നല്‍കിയത്. വലിയ പ്രചാരണയോഗങ്ങളോടൊപ്പം തന്നെ ബൂത്തുതല കുടുംബയോഗങ്ങളും അവര്‍ വ്യാപകമായി സംഘടിപ്പിച്ചു. ഒരു മണ്ഡലത്തില്‍ 4000 കുടുംബയോഗം എന്ന നിലയില്‍ 20 മണ്ഡലങ്ങളിലും നടത്തി. കഴിഞ്ഞദിവസം മാത്രം ബൂത്തുതലത്തില്‍ സംസ്ഥാനത്താകെ 25,231 പ്രകടനങ്ങളും നടത്തി.