കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലം കേരളകോണ്‍ഗ്രസുകള്‍ക്ക് നിര്‍ണ്ണായകം

കോട്ടയം: കേരളാ കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുക കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം. ഇരു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

സിറ്റിങ് എം.പി.യായ തോമസ് ചാഴികാടന്‍ ഏറ്റവും കുറഞ്ഞത് 20,000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് എല്‍. ഡി.എഫ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അതിന് അവര്‍ നിരത്തുന്ന കാരണമിതാണ്. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് എല്‍.ഡി.എഫിനു ശരാശരി മൂന്നേകാല്‍ ലക്ഷത്തോളം വോട്ടുകളുണ്ട്. ഇതിന് പുറമേ കേരളാ കോണ്‍ഗ്രസിന്‍റെ അമ്പതിനായിരത്തോളം വോട്ടുകളും കൂടി ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നാണ് ഇടതുനേതൃത്വത്തിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ 60,000 വോട്ടിനു മുകളില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു യു.ഡി.എഫിന്‍റെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്‍റ് ഉള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ലഭിച്ച അറുപതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഈ കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍ ഇരുമുന്നണികളിലും, പ്രത്യേകിച്ചു കേരളാ കോണ്‍ഗ്രസുകളില്‍ പൊട്ടിത്തെറിയുണ്ടാകും. കേരളാ കോണ്‍ഗ്രസ്(എം) പ്രതീക്ഷിക്കുന്ന മൂന്നേമുക്കല്‍ ലക്ഷം വോട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നണിയില്‍ കാലുവാരല്‍ സംശയിക്കേണ്ടിവരും. ഇത് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കും. തോമസ് ചാഴികാടന്‍റെ കലാശക്കൊട്ടില്‍ മന്ത്രി വി. എന്‍.വാസവന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തില്ലെന്ന ആരോപണം യു.ഡി. എഫ് ചര്‍ച്ചയാക്കിയിരുന്നു.

പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെങ്കില്‍ കേരളാ കോണ്‍്രഗ്രസിന് എല്‍.ഡി.എഫിലുള്ള സ്വാധീനത്തില്‍ ഇടിവ് വരും. മറിച്ചാണെങ്കില്‍ മധ്യകേരളത്തില്‍ ഇടതുമുന്നണിയില്‍ സി.പി.ഐയേക്കാള്‍ വിലപേശല്‍ ശക്തിയായി കേരളാ കോണ്‍ഗ്രസ്(എം) മാറും. പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെങ്കിലും യു.ഡി.എഫിലും ഇതു തന്നെയാകും സ്ഥിതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അടക്കമുള്ള ചില നേതാക്കള്‍ മോന്‍സ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ച് രാജിവെച്ചിരുന്നു. സ്വഭാവികമായും ഈ സാഹചര്യത്തില്‍ മോന്‍സിന് പാര്‍ട്ടിയിലുളള പിടിമുറക്കം തെളിയിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് വിജയിച്ചാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യു.ഡി.എഫിലുള്ള വിലപേശല്‍ ശേഷി കൂടും. മറിച്ചാണെങ്കില്‍. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച നിയമസഭാ സീറ്റുകളില്‍ ചിലത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരും. ചുരുക്കത്തില്‍ കേരളാ കോണ്‍ഗ്രസുകളുടെ ശക്തി തെളിയിക്കുന്നതായിരിക്കും കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം.