നിയമം ലംഘിച്ചുള്ള യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്‍റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.

നേരത്തെ ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തിരുന്നു. ജീപ്പ് ഉടമയുടെ ആര്‍സി ബുക്ക് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത മോട്ടോര്‍ വാഹന വകുപ്പ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്‍റെ അന്വേഷണ ചുമതല എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയ്ക്ക് നല്‍കി. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടര്‍ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎല്‍ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവില്‍ പിടികൂടിയപ്പോള്‍ പിഴയിട്ടത്.