ഷാരോണ്‍ വധം: ഗ്രീഷ്മക്ക് തൂക്കുകയര്‍

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍റേയും പ്രതിഭാഗത്തിന്‍റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്ക് സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്‍റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2022 ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദ്ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദ്ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്‍റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.

കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍റെ പ്രവചനമുണ്ടായിരുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്‍റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.