കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് മുന്നില്‍ കാഴ്ചവെച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി. പത്ത് വര്‍ഷം മുന്‍പ് 2014ലാണ് സംഭവമെന്ന് യുവതി പറയുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് തന്നെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നു. ചെന്നൈയിലായിരുന്നു താമസം. സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ കാലത്ത് അവര്‍ തന്നെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.
അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെന്നും മുടിയില്‍ തഴുകിയെന്നും യുവതി പറയുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓകെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് മനസിലായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ താന്‍ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.