സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശൂര്‍: സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്. ഇഡിയുടെ പരിശോധനയ്ക്ക് പിന്നാലെ ബാങ്കില്‍ ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിന്‍വലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഒന്നും ഒളിപ്പിക്കാനില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ പ്രതികരണം. "ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടില്ല." എം.എം. വര്‍ഗീസ് വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസില്‍ നിന്ന് ആദായനികുതി വകുപ്പ് മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. സിപിഎം പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാല്‍കൃത ബാങ്കുകളിലും ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു.