തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാവിധി. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീര്‍ എന്നു വിളിക്കുന്ന ഹസ്സന്‍കുട്ടിയാണ് പ്രതി. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറംമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയത്. പോക്സോ കേസില്‍ പ്രതിയായ ഹസ്സന്‍കുട്ടി കുട്ടിയെ തുട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായത് വലിയ കോളിളക്കം സൃഷ്ടിച്ചു. കുട്ടിയെ കാണാതായ ദിവസം രാത്രിയില്‍ തന്നെ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ പ്രതിയെ കണ്ടെത്തുന്നതിനായി കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിന്‍റെ എന്‍ട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടികൊണ്ടുപോയി ഉപേക്ഷിച്ച ശേഷം പ്രതി നേരെ ആലുവയില്‍ തട്ടുകടയില്‍ പോയി ജോലിക്ക് നിന്നു. അവിടെ നിന്നും പളനിയില്‍ പോയി മൊട്ടയടിച്ചു. കൊല്ലത്ത് തിരികെയെത്തി മദ്യം വാങ്ങാനെത്തുമ്പോഴാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിതീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും പ്രൊസിക്യൂഷന് വഴിത്തിരിവായി. കൂടാതെ കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തുകയുണ്ടായി. 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഹസ്സന്‍കുട്ടിക്ക് പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ട്. പേട്ട എസ്എച്ച്ഒയായിരുന്ന കെ.ശ്രീജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ഡിസിപിയായ നിധിന്‍ രാജിന്‍െറ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.