കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതര്‍ക്ക് പ്രതിദിനം 300 നല്‍കുന്ന സ്കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.
നഷ്ടപരിഹാരം ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സംവിധാനമുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ട് പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാകുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. വരുന്ന നവംബര്‍ 15 ന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.