പുതിയൊരു കേരളാകോണ്‍ഗ്രസ് കൂടി; മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്

കോട്ടയം: മുന്‍ ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടന്‍. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.

എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോന്‍സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നുായിരുന്നു സജി മഞ്ഞക്കടമ്പില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.