പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി.മുകേഷ് (34)അന്തരിച്ചു. പാലക്കാട് മലമ്പുഴക്കടുത്ത് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പിന്നില്‍ നിന്നും വന്ന കാട്ടാനയാണ് മുകേഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ച് 'അതിജീവനം' എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍ നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്‍റെ നൂറ് ലക്കം തികച്ചത് അടുത്തിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. ഫോട്ടോഗ്രാഫിക്കൊപ്പം എഴുത്തിലും കഴിവുതെളിയിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു മുകേഷ്.