ഹെലികോപ്ററര്‍ യാത്ര: ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ വീണ്ടും വഴുതി മാറി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ചിലരെ രഹസ്യമായി കാണാന്‍ പോകേണ്ടി വരുമെന്നും അങ്ങോട്ട് ചെന്ന് കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ദുരന്തത്തിനിടയില്‍ ഇതുപോലെയുള്ള കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപകരെ കാണാന്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് യാത്രപോകുന്നു. അത് രഹസ്യ യാത്രയാണോ? എന്തുകൊണ്ട് നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രി ഉള്ളിടത്ത് വന്ന് കാണാന്‍ പറ്റാത്തത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിന് മറുപടിയായി; 'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിശയങ്ങളുള്ളപ്പോള്‍ ഇതുപോലോത്ത കുറേ കാര്യങ്ങളെ വിവാദമാക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. വിഷയത്തെക്കുറിച്ച് കഴിഞ്ഞ പ്രാവശ്യം വ്യക്തമാക്കിയതാണ്. ഇനി വേണ്ട' എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ മറുപടി. നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ പോയതെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇന്ന് കൊച്ചിയിലേക്ക് പോയപ്പോള്‍ നിക്ഷേപകരെ കണ്ടു എന്നാണ് പറഞ്ഞത്. ഏതാണ് ശരി എന്ന ചോദ്യത്തിന്; 'ഞാന്‍ എല്ലാം വ്യക്തമായി പറഞ്ഞു, ഇനി ഒന്നുമില്ല' എന്നായിരുന്നു വി.ഡി.സതീശന്‍റെ മറുപടി.