ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവും പുറത്തേക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷ്ണറും പ്രസിഡന്‍റുമായ എന്‍. വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എന്‍ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എന്‍ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുന്‍ പ്രസിഡന്‍റും കമ്മീഷണറുമായ എന്‍ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ എസ് ബൈജു എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എന്‍ വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. വാസുവിന്‍റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അഞ്ചു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നല്‍കുന്നത് ഇനിയും വൈകിയാല്‍ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.