ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കെ.സുധാകരന്‍ കുറ്റവിമുക്തനായി

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തനായി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കെ.സുധാകരനെതിരായ എല്ലാ നിയമനടപടികളും ഒഴിവാക്കിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.

ഇ.പി.ജയരാജന്‍ വധശ്രമ കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കേസില്‍ നേരത്തെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇത് പ്രകാരം വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. കെ. സുധാകരനെതിരേ യാതൊരു തെളിവുകളുമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 1995 ഏപ്രില്‍ 12നാണ് ഇ.പി. ജയരാജനെതിരെ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. പി.ജയരാജന്‍റെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി.രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ 2016ല്‍ ഹൈക്കോടതി വിചാരണനടപടികള്‍ സ്റ്റേ ചെയ്തിരുന്നു.