ചായ്യോത്ത്: തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതം, അപകട മുന്നറിയിപ്പ് നല്കാന് സൂചനാ ബോര്‍ഡുമില്ല. ഇതോടെ ചായ്യോത്ത് പഞ്ചായത്ത് കോംപ്ലക്സിന് സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കയ്യൂര്‍ڊഅരയാക്കടവ് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് വാഹനാപകടങ്ങള്‍ പതിവാകുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ ദിശയും വളവും കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല. അവസാന നിമിഷം വാഹനങ്ങള്‍ വെട്ടിത്തിരിക്കുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും പതിവായിരിക്കുകയാണ്. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകള്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരമായി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യമായ മുന്നറിയിപ്പ് സൂചനാ ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രദേശത്ത് മദര്‍ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നൂറ് മീറ്റര്‍ പോലും അകലെയല്ലാതെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നായ ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുമുണ്ട്. രാവിലെയും വൈകുന്നേരവും നിരവധി വിദ്യാര്‍ത്ഥികളാണ് ഇതുവഴി നടന്നുപോകുന്നത്. വെളിച്ചക്കുറവും വാഹനങ്ങളുടെ അമിതവേഗവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് രക്ഷിതാക്കളിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുമ്പ് അപകടങ്ങള്‍ പതിവായിരുന്ന സാഹചര്യത്തില്‍ ചോയ്യങ്കോട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിച്ച മുന്നറിയിപ്പ് സൂചനാ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയിലൊന്ന് വാഹനമിടിച്ച് തകര്‍ന്നതോടെ ഉപയോഗശൂന്യമായി ചായ്യോത്ത് ഗവ. ഹയര്സെക്കന്ഡറിസ്കൂള് പരിസരത്ത് രാവിലെയും വൈകുന്നേരവും ഹോം ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കണമെന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. നേരത്തെ ഈ രണ്ട് സമയങ്ങളിലും ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. റോഡ് മുറിച്ചുകടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇരുഭാഗത്തുനിന്നും ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളില്‍നിന്ന് തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. പലപ്പോഴും അധ്യാപകരാണ് കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നത്.
സ്കൂള്‍ പരിസരത്ത് ഇരുവശങ്ങളിലുമായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതില്‍ ഇവ കാര്യമായ ഫലം ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വെളിച്ചമില്ലാത്ത റോഡും മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും വാഹനങ്ങളുടെ അമിതവേഗവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചായ്യോംഅരയാക്കടവ് റോഡ് ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനൊപ്പം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കുകയും ചായ്യോത്ത് സ്കൂളിന് മുന്നില്‍ സ്ക്കൂള് സമയങ്ങളില്‍ ഹോം ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ചായ്യോത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.