ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.33 ലക്ഷം രൂപ തട്ടിയെടുത്തു

കാസര്‍കോട്: അക്കൗണ്ട് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 1.33 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീരന്ത്ബയലിലെ കെ. സതീഷ് കുമാറിനാണ് (65) പണം നഷ്ടപ്പെട്ടത്. രണ്ട് തവണകളിലായാണ് അക്കൗണ്ടില്‍നിന്ന് ആകെ 1,33,300 രൂപ അജ്ഞാതര്‍ പിന്‍വലിച്ചതെന്നാണ് പരാതി. പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ഇടപാട്: സൊസൈറ്റിക്ക് 9.73 ലക്ഷം നഷ്ടം; പോലീസ് കേസെടുത്തു

ബേഡകം: സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ട് ലീന്‍ ആയതിനെ തുടര്‍ന്ന് 9.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് 9,73,999 രൂപയുടെ നഷ്ടമുണ്ടായതെന്നാണ് പരാതി. സൊസൈറ്റി സെക്രട്ടറി മുന്നാട് പഴനീര്‍വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകന്‍ സി. അനില്‍കുമാര്‍ (42) നല്‍കിയ പരാതിയില്‍ സൊസൈറ്റി അംഗമായ കരിവേടകം നെല്ലിത്താവിലെ ദാമോദരന്‍റെ മകന്‍ ബി. ഉണ്ണികൃഷ്ണന്‍ (46) എതിരെയാണ് പൊലീസ് കേസെടുത്തത്. 2026 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ 15 തവണകളായി വിവിധ വ്യക്തികളില്‍നിന്ന് പണം സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് സൊസൈറ്റിയുടെ അക്കൗണ്ട് ലീന്‍ ആവുകയും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്തു; ബന്തിയോട്ടെ യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

കുമ്പള: ഫേസ്ബുക്കില്‍ കണ്ട പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ. ബന്തിയോട് അടുക്ക സ്വദേശി ഷഫീഖ് അലി ആണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ യുവാവ് കുമ്പള പൊലീസില്‍ പരാതി നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചുകൊള്ള അറിയിപ്പ് ഫേസ്ബുക്കില്‍ കണ്ടിരുന്നു. കാര്യമെന്തെന്ന് അറിയാന്‍ പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ബാങ്കിന്‍റെ വ്യാജ സൈറ്റിലായിരുന്നു പ്രവേശിച്ചത്. അതിനിടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പലതവണയായി പണം നഷ്ടമായി. ആകെ 1,93,997 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടു. ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് ഇത്രയും തുക നഷ്ടപ്പെട്ട വിവരം യുവാവ് അറിയുന്നത്. ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമ്പള പൊലീസില്‍ പരാതി നല്‍കി. നിരവധി പേരാണ് സൈബര്‍ തട്ടിപ്പിന് ഇരയാവുന്നത്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളും ഒടിപിയും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. വാഹനത്തിന് പിഴത്തുക അടക്കണമെന്ന് സന്ദേശം കണ്ട് ക്ലിക്ക് ചെയ്ത ചെങ്കള സ്വദേശിയുടെ 100000 രൂപ നഷ്ടമായിരുന്നു.

വെള്ളിക്കോത്ത് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും രണ്ടുലക്ഷം തട്ടി

കാഞ്ഞങ്ങാട്: ഹോസുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി. സംഭവത്തില്‍ ഹോസുര്‍ഗ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അജാനൂര്‍ വെള്ളിക്കോത്തെ രവീന്ദ്രനാഥ പൈക്കാണ് (73) പണം നഷ്ടമായത്. 2026 സെപ്റ്റംബര്‍ 01ന് വൈകീട്ട് 4.30 മുതല്‍ 7.30 വരെയുള്ള സമയത്താണ് സംഭവം. പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കിയ പ്രതി, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് പരാതിക്കാരന്‍റെ അറിയോ സമ്മതമോ കൂടാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച് തട്ടിയെടുക്കുകയായിരുന്നു. ആകെ 2,06,999 രൂപയുടെ സാമ്പത്തിക നഷ്ടമാണ് പരാതിക്കാരന് ഉണ്ടായിട്ടുള്ളത്. കേസില്‍ എസ്ഐ, പി എ അബ്ദുള്‍ ബാസിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തിരിച്ചറിയാനായിട്ടില്ല.