തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ പാര്‍ട്ടി വിടാനൊരുങ്ങി പത്മജ വേണുഗോപാല്‍. സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയാല്‍ കടുത്ത തീരുമാനത്തിലേക്കെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷന് അംഗത്വത്തിലും അവഗണിച്ചതോടെയാണ് രാജിക്കായുള്ള നീക്കം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് ജെ.പി. നദ്ദയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയുടെ ഭാഗമാകാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്.
തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോണ്‍ഗ്രസ് നിലപാടുകളില്‍ വന്ന മാറ്റവുമാണ് ബിജെപിയുടെ പാതയിലേയ്ക്ക് എത്തിച്ചതെന്ന് പത്മജ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.