ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത രണ്ടുപേരെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുറ്റൂര്‍ സ്വദേശി ഇ ദീപു (36), എരമം സ്വദേശി പ്രമോദ്(54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെയാണ് ഇരുവരും ശല്യം ചെയ്തത്. ഓഖ എക്സ്പ്രസില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും.

കാഞ്ഞങ്ങാട് എത്താറായപ്പോള്‍ പെണ്‍കുട്ടിക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ പ്രതികള്‍ പെരുമാറുകയായിരുന്നു. കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയ പെണ്‍കുട്ടി പ്ലാറ്റ്ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ റെയില്‍വേ പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് എസ് ഐ രാജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിത്ത്, സിപിഒ ജ്യോതിഷ് ജോസ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ടി സി സോജന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി. പ്രതികളെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.