തിരുവനന്തപുരം: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസില്‍ ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചെന്നൈയില്‍ നിന്ന് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. ഏകദേശം 5000 കോടി രൂപയുടെ ഫണ്ടാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. നിരന്തരമായ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു. ചെന്നൈയില്‍ അറസ്റ്റിലായ പ്രേംകുമാറിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കോഴിക്കോട്ടേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
പ്രേംകുമാറിനെതിരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റാണ് അന്വേഷണം നയിക്കുന്നത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് പ്രേം കുമാര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി അടുത്ത മാസം 29ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ നിക്ഷേപസമ്പാദ്യവുമായി രാജ്യത്ത് വേരുറപ്പിച്ച ഭാരത് ലജ്ന (ബിഎല്‍എം) മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോടികളുടെ സാമ്പത്തിക സാമ്രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. നിക്ഷേപകരെ കബളിപ്പിച്ച് ഭവനനിര്‍മ്മാണ സഹകരണ സംഘത്തിന്‍റെ മറവില്‍ 25,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ചെയര്‍മാന്‍ ആര്‍ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കേന്ദ്ര സഹകരണ നിയമങ്ങളിലെ പഴുതുകള്‍ ദുരുപയോഗം ചെയ്ത് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ബിഎല്‍എമ്മിന്‍റെ ഭീകരമായ വളര്‍ച്ച. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും കോടികളുടെ കടബാധ്യതയുമായി മുങ്ങിയതായി ആരോപിക്കപ്പെടുന്ന പ്രേംകുമാര്‍, യാതൊരുവിധ ഔദ്യോഗിക ബോര്‍ഡ് അംഗത്വവുമില്ലാതെ 'ഫൗണ്ടിങ് ചെയര്‍മാന്‍' എന്ന നാമത്തില്‍ ഈ സാമ്രാജ്യത്തിന്‍റെ സകല നിയന്ത്രണങ്ങളും കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സൊസൈറ്റിയുടെ പ്രധാന ലക്ഷ്യമായ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കാറ്റില്‍പ്പറത്തി, തോന്നിയടത്തെല്ലാം നിക്ഷേപകരുടെ പണം വാരിക്കൂട്ടി സ്വന്തക്കാരുടെ പേരിലേക്ക് മാറ്റുകയാണ് ഇയാള്‍ ചെയ്തത്. വന്‍തോതില്‍ പണം വാങ്ങി ഡെപ്പോസിറ്റായി സ്വീകരിക്കുമ്പോള്‍, പുതിയ നിക്ഷേപകരില്‍ നിന്നു കിട്ടുന്ന പണം ഉപയോഗിച്ചാണ് പഴയ ആളുകള്‍ക്ക് പലിശ നല്‍കിയിരുന്നത്. പുതിയ നിക്ഷേപങ്ങള്‍ നിലയ്ക്കുന്നതോടെ തകര്‍ന്നടിയുന്ന തികച്ചും അപകടകരമായ 'പോണ്‍സി സ്കീം' മാതൃകയാണ് ഇവര്‍ നടപ്പിലാക്കിയത്. ഉയര്‍ന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്തതുകൊണ്ട് സാധാരണക്കാര്‍ ഇത് ബാങ്ക് നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ചാണ് ജീവിത സമ്പാദ്യം മുഴുവന്‍ ഇവിടെ നിക്ഷേപിച്ചത്. കേരളത്തിലുടനീളമുള്ള 140 ബ്രാഞ്ചുകളുണ്ട്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടോടെ ബിഎല്‍എമ്മിന്‍റെ സകല കള്ളക്കളികളും പുറത്തുവന്നു. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി മാത്രം 320ലധികം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുടനീളം ഉപയോഗിച്ചിട്ടുള്ളത്. സൊസൈറ്റിയുടെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായാണ് പ്രേംകുമാറും കൂട്ടരും ദുരുപയോഗം ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് ചെയര്‍മാന്‍ പ്രേംകുമാറിന്‍റെ ഭാര്യ പ്രഭാ പ്രേംകുമാറിന്‍റെ പേരില്‍ തിരുവനന്തപുരം വഞ്ചിയൂരിലെ വിവിഎന്‍ ലക്ഷ്വറി സ്യൂട്ട് ഹോട്ടല്‍ വാങ്ങിച്ചു. തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്റര്‍ സ്വന്തമാക്കാന്‍ ബിഎല്‍എം അക്കൗണ്ടില്‍ നിന്ന് 1.19 കോടി രൂപ ഒഴുക്കി. ചെന്നൈ ആസ്ഥാനമായ ബ്രിയോസ് ഫിന്‍വെസ്റ്റ് ലിമിറ്റഡും പ്രേംകുമാറുമായി വലിയ സാമ്പത്തിക ഇടപാടുകളുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.