കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കാന്‍ തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടന്നിട്ടും നേതാക്കള്ക്കുനേരേയുള്ള സാമ്പത്തിക ഇടപാട് ആരോപണങ്ങളില്‍ കുരുങ്ങി കണ്ണൂരിലെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനുനേരേ ഉയര്‍ന്ന സാമ്പത്തിക ഇടപാട് ആരോപണവും ജില്ലാ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണവുമാണ് അവസാനം തലവേദനയായിരിക്കുന്നത്. തുടരെത്തുടരെ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയരുന്നതില്‍ അണികളിലും അസംതൃപ്തിയുണ്ട്.
വൈദേകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ വഷളാവുമെന്ന ആശങ്ക നേതാക്കള്‍ക്കുമുണ്ട്.ഇ.പി. ജയരാജനുനേരെ കുടുംബത്തില്‍ നിന്നുതന്നെയുണ്ടായ ആരോപണങ്ങളോട് സി.പി.എം. ഇതുവരെ പ്രതികരിച്ചിട്ടില്ല. റിസോര്‍ട്ട് തുടങ്ങാനായി ഇ.പി. ജയരാജന് നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി. ജയരാജന് നാലുവര്‍ഷം മുന്‍പ് നല്കിയ പരാതി പാര്‍ട്ടിയുടെ പക്കലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയപ്പോഴാണ് സി.എം.ആര്.എല്‍. എം.ഡി. ശശിധരന് കര്‍ത്തയില്‍ നിന്നുള്‍പ്പെടെ പണം വാങ്ങിയെന്ന ആരോപണവുമായി ജയരാജന്റെ സഹോദരീ പുത്രന് ഇ.പി. ശ്യാംജിത്ത് അപ്രതീക്ഷിതമായി രംഗത്തുവന്നത്.
കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആദ്യത്തെ പോസ്റ്റ് പിന്‍വലിച്ച ശ്യാംജിത്ത് രണ്ടുദിവസമായി തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്നുണ്ട്. വൈദേകം തുടങ്ങിയപ്പോള്‍ത്തന്നെ ഇ.പി. ജയരാജനുനേരെ ആരോപണങ്ങളുണ്ടായെങ്കിലും റിസോര്‍ട്ടുമായി ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാര്യ പി.കെ. ഇന്ദിര ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓഹരിയുണ്ടെന്ന വിവരം പിന്നീട് പുറത്തുവന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് പി. ജയരാജന് പാര്‍ട്ടിക്ക് കത്തുനല്‍കിയത്. ഇത് ചര്‍ച്ച ചെയ്താല്‍ എന്തു നടപടിയിലേക്ക് കടക്കുമെന്നതും പ്രധാനമാണ്. ശ്യാംജിത്ത് കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവരുമെന്ന സൂചനയുണ്ട്.