ജലസംഭരണി പൊളിക്കല്‍ തുടങ്ങി; മണിക്കൂറുകള്‍ക്കകം നിര്‍ത്തിവെപ്പിച്ചു

നീലേശ്വരം: താലൂക്കാശുപത്രി വളപ്പില്‍ കാഷ്വാലിറ്റി ബ്ലോക്കിനോട് ചേര്‍ന്ന് അപകടാവസ്ഥയിലായ കേരള ജല അതോറിറ്റിയുടെ ജലസംഭരണി പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങി മണിക്കൂറുകള്‍ക്കകം നിര്‍ത്തിവെപ്പിച്ചു. നിരന്തരമായ പരാതികള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം പൊളിക്കല്‍ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ വൈകിട്ടോടെ പ്രവൃത്തി തടയുകയായിരുന്നു.

ജലസംഭരണിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നഗരസഭയും പൊതുജനങ്ങളും നിരവധി തവണ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കാന്‍ നടപടിയായത്. എന്നാല്‍ കരാര്‍ ഏറ്റെടുത്തവര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പ്രവൃത്തി ആരംഭിക്കാത്തതാണ് നടപടിക്ക് തടസ്സമായത്. ഇതേത്തുടര്‍ന്ന് നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചത്.

പുതുക്കിയ കരാര്‍ രേഖകളില്‍ ഒപ്പുവെച്ചാല്‍ മാത്രമേ ജലസംഭരണി പൊളിച്ചുനീക്കുന്ന പ്രവൃത്തി പുനരാരംഭിക്കാനാകൂ. അപകടഭീഷണി ഉയര്‍ത്തുന്ന ജലസംഭരണി നീക്കം ചെയ്യാനുള്ള നടപടി വീണ്ടും അനിശ്ചിതത്വത്തിലായതോടെ ആശങ്കയും തുടരുകയാണ്.